കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രമുഖ മലയാളം ചാനലിനെതിരെ നടൻ ദിലീപ് കേസ് നല്കി. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.പ്രസ്തുത ചാനലിനെതിരെ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകളില്‍ അന്വേഷണം നടത്തുന്നില്ലെന്നും അന്വേഷണം പുനരാരംഭിച്ചു ഉടൻ പൂർത്തിയാക്കണമെന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെടുന്നത്. ദിലീപിന്റെ ആവശ്യത്തില്‍ ഹൈക്കോടതി സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടി.കേസിലെ നിർണായക തെളിവുകള്‍ നേരത്തെ പുറത്തുവിട്ടത് ഈ ചാനല്‍ ആയിരുന്നു. ഇതിന് പിന്നാലെ പ്രസ്തുത ചാനലിനെതിരെ പോലീസ് സ്വമേധയാ അഞ്ചു കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസുകളിലെ അന്വേഷണം പൂർത്തിയാക്കണം എന്നാണ് ദിലീപ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഡിസംബർ എട്ടിന് ആണ് വിധി പറയുക. എട്ടാംപതി ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും ഡിസംബർ എട്ടിന് വിചാരണ കോടതിയില്‍ ഹാജരാകണം എന്നാണ് റിപ്പോർട്ട്.എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറയുക. നടി ആക്രമിക്കപ്പെട്ട 8 വർഷത്തിനുശേഷമാണ് കേസില്‍ വിധി പറയുന്നത്. എല്ലാ പ്രതികളും ഡിസംബർ എട്ടിനും വിചാരണ കോടതിയില്‍ ഹാജരാകണം. കേസിലെ വാദം ഉള്‍പ്പെടെയുള്ള വിചാരണ നടപടികള്‍ കഴിഞ്ഞ ഏപ്രില്‍ 11ന് പൂർത്തിയായതാണ്.പിന്നാലെ കഴിഞ്ഞ് 27 തവണയും വാദത്തില്‍ വ്യക്തത വരുത്താനായി കോടതി കേസ് മാറ്റുകയായിരുന്നു. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന് ദീലീപിനെ ജൂലൈ 10-നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്.
നടിയെ ആക്രമിച്ച കേസ്; മലയാളം ചാനലിനെതിരെ പ്രതി ദിലീപ് ഹൈക്കോടതിയില്‍
