ഡല്‍ഹിയില്‍ ഗുരുദ്വാരയിലെ പ്രാർത്ഥനയില്‍ പങ്കെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സർവീസില്‍ നിന്ന് പിരിച്ചുവിട്ട കരസേനാ ഉദ്യോഗസ്ഥന്റെ ഹർജി സുപ്രീം കോടതി തള്ളി.സൈന്യത്തിന്റെ നടപടി ശരിവെച്ച കോടതി, ഉദ്യോഗസ്ഥന്റെ നടപടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സഹപ്രവർത്തകരുടെ വിശ്വാസത്തെ ബഹുമാനിക്കാൻ തയ്യാറാകാത്ത ഇദ്ദേഹത്തെ ‘മോശം സ്വഭാവമുള്ളയാള്‍’ എന്ന് വിശേഷിപ്പിച്ച ബെഞ്ച്, ഇയാള്‍ സൈനികനാകാൻ യോഗ്യനല്ലെന്നും വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. സൈന്യം ഒരു മതേതര സ്ഥാപനമാണ് എന്നും അതിന്റെ അച്ചടക്കത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു. മികച്ച അച്ചടക്കം പാലിക്കേണ്ട ഒരു സൈനിക ഉദ്യോഗസ്ഥൻ ഇത്തരത്തില്‍ പെരുമാറുമ്ബോള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്തായിരിക്കുമെന്നും കോടതി ചോദിച്ചു. ഇത്തരം മോശം സ്വഭാവമുള്ളവരെ സൈന്യത്തിന് ആവശ്യമില്ലെന്നും, പിരിച്ചുവിട്ട നടപടി തികച്ചും ന്യായമാണെന്നും കോടതി കൂട്ടിച്ചേർത്തു. ഇത് ഒരു സൈനിക ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏറ്റവും നിന്ദ്യമായ അച്ചടക്കരാഹിത്യമാണ് എന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.2021-ലാണ് ലെഫ്റ്റനന്റായിരുന്ന സാമുവല്‍ കമലേശനെ അച്ചടക്കലംഘനത്തിന്റെ പേരില്‍ ഇന്ത്യൻ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത്. കമാൻഡിങ് ഓഫീസറുടെ നിർദ്ദേശപ്രകാരം ഗുരുദ്വാരയില്‍ പൂജയ്ക്കായി എത്താൻ ഇദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഗുരുദ്വാരയിലെ പ്രാർത്ഥന തന്റെ ക്രിസ്തീയ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥൻ ഈ നിർദ്ദേശം നിരസിച്ചത്. തുടർന്ന്, പെൻഷനും ഗ്രാറ്റുവിറ്റിയും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് അദ്ദേഹത്തെ സൈന്യത്തില്‍ നിന്നും പിരിച്ചുവിട്ടത്.പിരിച്ചുവിട്ട നടപടിക്കെതിരെ സാമുവല്‍ കമലേശൻ ആദ്യം സമീപിച്ചത് ഡല്‍ഹി ഹൈക്കോടതിയെ ആയിരുന്നു. 2025 മേയ് മാസത്തില്‍ കേസ് പരിഗണിച്ച ഹൈക്കോടതി, സൈന്യം സ്വീകരിച്ച നടപടി ശരിവെച്ചു. ഈ വിധി ചോദ്യം ചെയ്തുകൊണ്ടാണ് മുൻ ഉദ്യോഗസ്ഥൻ പിന്നീട് സുപ്രീം കോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതിയുടെ 2025 മേയ് മാസത്തിലെ ഉത്തരവ് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ഉള്‍പ്പെട്ട ബെഞ്ച് ഇപ്പോള്‍ ശരിവെക്കുകയായിരുന്നു.
സഹപ്രവര്‍ത്തകരുടെ വിശ്വാസം ബഹുമാനിക്കണം: ഗുരുദ്വാരയില്‍ കയറാൻ വിസമ്മതിച്ച സൈനികനെ പിരിച്ചുവിട്ടത് ശരിവെച്ച് സുപ്രീം കോടതി
