സ്റ്റാലിൻ സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി ഹൈക്കോടതി, വിജയ്ക്ക് അനുകൂലം, മാര്‍ഗരേഖയുടെ കരട് ടിവികെയ്ക്കും നല്‍കണം

രാഷ്ട്രീയ റാലികള്‍ നടത്തുന്നതിനുള്ള നിർദ്ദേശങ്ങളടങ്ങിയ മാർഗരേഖയുടെ കരട് നടൻ വിജയുടെ പാർട്ടിയായ ടി വി കെയ്ക്കും നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി.സർക്കാരിന്റെ എതിർപ്പ് തള്ളിയാണ് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം. ടി വി കെയുടെ ആദ്യ ഹർജിയില്‍ മാർഗരേഖയുടെ പകർപ്പ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഓരോ ഘട്ടത്തിലും ടിവികെ ആവശ്യങ്ങള്‍ വിപുലീകരിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാല്‍ മാർഗരേഖ നിലവില്‍ വരും മുൻപേ തങ്ങള്‍ക്ക് മുന്നില്‍ പൊലീസ് നിബന്ധനകള്‍ വയ്ക്കുന്നതായി ടി വി കെ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഡിസംബർ നാലിന് നടത്താനിരുന്ന പൊതുയോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചെന്ന് ടിവികെ ചൂണ്ടിക്കാട്ടിയപ്പോള്‍, കാർത്തിക ദീപം ആയതിനാലാണ് തീരുമാനമെന്നായിരുന്നു സർക്കാർ മറുപടി. വെളിച്ചത്തിന്റെ ഉത്സവം അന്ധകാരത്തിന്റെ ഉത്സവം ആയി മാറ്റാൻ സർക്കാരിന് താല്പര്യമില്ലെന്നും ടിവികെ കുരൂർ റാലിയെ പരോക്ഷമായി സൂചിപ്പിച്ച്‌ അഡീഷണല്‍ എജി ചൂണ്ടിക്കാട്ടി.തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്ത പൊതുയോഗത്തിന് കോടതി അനുമതി നിഷേധിക്കുകയായിരുന്നു. ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ ടി വി കെ നല്‍കിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. കാർത്തിക ദീപം ആയതിനാല്‍ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണമെന്നായിരുന്നു വിശദീകരണം. ബാബ്രി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു. എന്നാല്‍, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നല്‍കിയാല്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു. ഡിസംബർ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടി വി കെ നല്‍കിയേക്കും. കരൂർ ദുരന്തത്തിന് ശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നിശ്ചയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *