റാംപൂര്‍ സിആര്‍പിഎഫ് ക്യാമ്പ് ഭീകരാക്രണം: വധശിക്ഷക്ക് വിധിച്ച്‌ നാല് പ്രതികളെയും കുറ്റവിമുക്തരാക്കി അലഹാബാദ് ഹൈക്കോടതി

റാംപൂർ സിആർപിഎഫ് ക്യാമ്പ് ഭീകരാക്രമണക്കേസിലെ നാല് പ്രതികളുടെ വധശിക്ഷ റദ്ദാക്കി അലഹബാദ് കോടതി.കേസിലെ പ്രതികളായ രണ്ട് പാക് പൗരന്മാർ ഉള്‍പ്പെടെ നാല് പേരെയും കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. മറ്റൊരു പ്രതിയുടെ ജീവപര്യന്തം ശിക്ഷയും റദ്ദാക്കി. 2007 ഡിസംബർ 31 ന് രാത്രി റാംപൂർ ജില്ലയിലെ സിആർപിഎഫ് ക്യാമ്ബിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ വിചാരണ കോടതി ശിക്ഷിച്ച പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മുഹമ്മദ് ഷെരീഫ്, സബാബുദ്ദീൻ, ഇമ്രാൻ ഷഹ്‌സാദ്, മുഹമ്മദ് ഫാറൂഖ് എന്നീ നാല് പേർക്ക് വധശിക്ഷയും ജങ് ബഹാദൂറിന് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ. അതേസമയം, ആയുധ നിയമപ്രകാരം ചെയ്ത കുറ്റത്തിന് മുഹമ്മദ് ഷെരീഫ്, സബാവുദ്ദീൻ, ഇമ്രാൻ ഷഹ്‌സാദ്, മുഹമ്മദ് ഫാറൂഖ്, ജങ് ബഹാദൂർ എന്നിവർക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പ്രതികള്‍ അനുഭവിച്ച തടവുകാലം മേല്‍പ്പറഞ്ഞ ശിക്ഷയുമായി പൊരുത്തപ്പെടുമെന്നും കോടതി കൂട്ടിച്ചേർത്തു.ജസ്റ്റിസുമാരായ സിദ്ധാർത്ഥ് വർമ്മ, റാം മനോഹർ നരേൻ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പ്രതികളായ മുഹമ്മദ് ഷെരീഫ്, സബാവുദ്ദീൻ, ഇമ്രാൻ ഷഹജാദ്, മുഹമ്മദ് ഫാറൂഖ്, ജങ് ബഹാദൂർ ഖാൻ എന്നിവരെ കൊലപാതക കുറ്റം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളില്‍ നിന്ന് വിമുക്തരാക്കി. പ്രതികള്‍ക്കെതിരായ പ്രധാന കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിലെ പിഴവും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിലെ വീഴ്ചകള്‍ ഉചിതമായി കൈകാര്യം ചെയ്യാനും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാനും സംസ്ഥാനത്തിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു. ചില പ്രതികളില്‍ നിന്ന് എകെ-47 റൈഫിള്‍ കണ്ടെടുത്തതിന്റെ അടിസ്ഥാനത്തില്‍ ആയുധ നിയമത്തിലെ സെക്ഷൻ 25 (1-എ) പ്രകാരം അവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി.കൊല്ലപ്പെട്ട സിആർപിഎഫ് കോണ്‍സ്റ്റബിള്‍ മൻവീർ സിങ്ങിന്റെ മകള്‍ ദീപ ചൗധരി രംഗത്തെത്തി. ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ച്‌ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ തീവ്രവാദികളെ എങ്ങനെ കുറ്റവിമുക്തരാക്കാൻ കഴിയും. വിധി അവിശ്വസനീയമാണ്. എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു, ഇപ്പോള്‍ കൊലയാളികള്‍ സ്വതന്ത്രരായി നടക്കുന്നു. ഇതാണോ നീതിയെന്ന് ദീപ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *