ഗസ്സയിലേക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ഇസ്രായേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗസ്സയിലേക്ക് യുഎൻ ഏജൻസികള്‍ വഴി സഹായം ലഭ്യമാക്കണം എന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ്.വിലക്കുകളില്ലാതെയുള്ള സഹായം അടിയന്തരമായി ലഭ്യമാക്കേണ്ട ബാധ്യത ഇസ്രായേലിനുണ്ടെന്ന് കോടതി വ്യക്തമാക്കി.പട്ടിണി ആയുധമാക്കി മാറ്റുകയെന്ന നിയമവിരുദ്ധ ഹീനകൃത്യമാണ് ഇസ്രായേല്‍ ഗസ്സയില്‍ തുടരുന്നതെന്നും കോടതി കുറ്റപ്പെടുത്തി. ‘യുനർവ’ ഉള്‍പ്പെടെ യുഎൻ ഏജൻസികളിലെ സന്നദ്ധ പ്രവർത്തകർക്ക് ഹമാസ് പോരാളികളുമായി ബന്ധമുണ്ടെന്ന ഇസ്രായേല്‍ ആരോപണം കോടതി തള്ളി. ഇതു തെളിയിക്കാനുതകുന്ന തെളിവുകള്‍ കൈമാറുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടതായും അന്താരാഷ്ട്ര നീതിന്യായ കോടതി നിരീക്ഷിച്ചു.വിധി പ്രതീക്ഷിച്ചതു തന്നെയാണെന്നും ഹമാസിന്റെ മാത്രം താല്പര്യങ്ങളാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെതെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. വെടിനിർത്തല്‍ കരാർ 12 നാളുകള്‍ പിന്നിട്ടിട്ടും ഗസ്സയിലേക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ ഇസ്രായേല്‍ തയാറായിട്ടില്ല. റഫ അതിർത്തി തുറന്ന് നിത്യം 600 ട്രക്കുകള്‍ ഗസ്സയിലേക്ക് അനുവദിക്കണം എന്ന വെടിനിർത്തല്‍ കരാർ വ്യവസ്ഥയും നടപ്പായില്ല. റഫ അതിർത്തി തുറന്ന് പരമാവധി സഹായം ഗസ്സയിലേക്ക് എത്തിക്കാൻ ഇസ്രായേല്‍ തയാറാകണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.അതേസമയം വെടിനിർത്തല്‍ രണ്ടാം ഘട്ട ചർച്ചകളും ഊർജിതമാണ്. യു.എസ് വൈസ് പ്രസിഡന്റ് ജെ. ഡി വാൻസ്, നെതന്യാഹു ഉള്‍പ്പെടെ ഇസ്രായേല്‍ നേതാക്കളുമായി ചർച്ച നടത്തി. ഗസ്സയില്‍ ബദല്‍ സർക്കാർ രൂപവത്കരണം കൂടുതല്‍ സമയം ആവശ്യമായ പ്രക്രിയയാണെന്ന് ജെ.ഡി വാൻസ് പറഞ്ഞു. അതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ ഇസ്രായേലിന്റെ ഭാഗമാക്കി മാറ്റാനുള്ള പ്രാഥമിക കരടുപ്രമേയം ഇസ്രായേല്‍ പാർലമെന്റില്‍ പാസായി. 24 നെതിരെ 25 വോട്ടുകളോടെയാണ് പ്രമേയം പാസായത്. ഇസ്രായേല്‍ നീക്കം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ജോർദാൻ ഉള്‍പ്പെടെ അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്കി.
ഗസ്സയിലേക്ക് യുഎൻ ഏജൻസികള്‍ മുഖേനെ സഹായം എത്തിക്കണം; ഇസ്രായേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി
