കേരള ഹൈക്കോടതിക്കെതിരെ വീണ്ടും ശക്തമായ വിമർശനവുമായി സുപ്രീംകോടതി. ഹർജിയുടെ വിഷയപരിധി വിട്ട് ഹൈക്കോടതി തീരുമാനങ്ങള്‍ എടുക്കുന്നു എന്നതിലാണ് സുപ്രീംകോടതിയുടെ വിമർശനം.തൃശ്ശൂരിലെ ചിന്മയ മിഷനെതിരായ വിജിലൻസ് അന്വേഷണ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.സ്വാഭാവിക നീതിയുടെ ലംഘനം: ചിന്മയ മിഷനെ കേള്‍ക്കാതെയാണ് വിജിലൻസ് അന്വേഷണത്തിനുള്ള നിർദ്ദേശം ഹൈക്കോടതി നല്‍കിയത്. ഇത് സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.നീതിന്യായ വ്യവസ്ഥയുടെ അച്ചടക്കം ലംഘിച്ചു: ഹർജി തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം. എന്നാല്‍, ഒരു കക്ഷിക്ക് പ്രതികൂലമായ ഉത്തരവുകള്‍ ഇറക്കുമ്ബോള്‍ അവരെ കേള്‍ക്കാനുള്ള അവസരം നല്‍കണമെന്ന് സുപ്രീംകോടതി ഹൈക്കോടതികള്‍ക്ക് നിർദ്ദേശം നല്കി. ഹൈക്കോടതി നീതിന്യായ വ്യവസ്ഥയുടെ അച്ചടക്കം ലംഘിച്ചു എന്നും സുപ്രീംകോടതി വിമർശിച്ചു.കൊച്ചിൻ ദേവസ്വം ബോർഡില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 1961-ല്‍ കൈപ്പറ്റിയ ഭൂമിയുമായി ബന്ധപ്പെട്ടതാണ് കേസ്. വാർഷിക പാട്ടത്തുക കാലക്രമേണ വർദ്ധിപ്പിച്ചതില്‍ ഉണ്ടായ 20 ലക്ഷം രൂപയുടെ കുടിശ്ശിക ഈടാക്കുന്നത് ചോദ്യം ചെയ്താണ് ചിന്മയ മിഷൻ ഹൈക്കോടതിയെ സമീപിച്ചത്.2014-ല്‍ കൊച്ചിൻ ദേവസ്വം ബോർഡ് വാർഷിക നിരക്ക് 142 രൂപയില്‍ നിന്ന് ഒന്നര ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.2020 ആയപ്പോഴേക്കും കുടിശ്ശിക 20 ലക്ഷം രൂപയായി.കുടിശ്ശിക ഈടാക്കുന്നത് തടയണം എന്ന ചിന്മയ മിഷന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2023 ഓഗസ്റ്റില്‍ തള്ളി.ഈ ഹർജി പരിഗണിക്കുന്നതിനിടയിലാണ് പാട്ടക്കരാറില്‍ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം നല്‍കിയത്. ഇതിനെതിരെയാണ് ചിന്മയ മിഷൻ സുപ്രീംകോടതിയെ സമീപിച്ചത്.ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, കെ.വി. വിശ്വനാഥൻ എന്നിവർ ഉള്‍പ്പെട്ട ബെഞ്ചാണ് ഹൈക്കോടതിയുടെ വിജിലൻസ് അന്വേഷണ ഉത്തരവ് റദ്ദാക്കിയത്. എന്നാല്‍, ചിന്മയ മിഷൻ ട്രസ്റ്റ് 20 ലക്ഷം രൂപ പാട്ടക്കുടിശ്ശിക നല്‍കണമെന്ന ഹൈക്കോടതിയുടെ ഉത്തരവും, കുടിശ്ശിക ഈടാക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നുള്ള കണ്ടെത്തലും സുപ്രീംകോടതി ശരിവെച്ചു.നേരത്തെയും കേരള ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി വിമർശനം ഉന്നയിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുൻകൂര്‍ ജാമ്യം നേരിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആ വിമർശനം. മുൻകൂര്‍ ജാമ്യത്തിനായി ആദ്യം സെഷൻസ് കോടതിയെ സമീപിക്കണം എന്ന നിയമപരമായ കീഴ്വഴക്കം ലംഘിച്ച്, പ്രതികള്‍ക്ക് നേരിട്ട് ഹൈക്കോടതി ജാമ്യം നല്‍കുന്നതിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു. രാജ്യത്തെ മറ്റ് ഹൈക്കോടതികളില്‍ ഇല്ലാത്ത ഒരു പ്രവണതയാണിതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കേരള ഹൈക്കോടതിക്കെതിരെ വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം; ‘എതിര്‍കക്ഷിയെ കേള്‍ക്കാതെ തീരുമാനമെടുത്തത് നീതിക്ക് എതിര്’
