ദൈവമാണ് പ്രേരണയെന്ന് രാകേഷ് കിഷോര്‍; സുപ്രീം കോടതി ചീഫ് ജസ്റ്റിനുനേരേ ഷൂ എറിഞ്ഞതില്‍ തെല്ലും കുറ്റബോധമില്ലെന്നും അഭിഭാഷകൻ

Oplus_16908288

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തില്‍ തെല്ല് പോലും കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ.ശരിയെന്ന് തോന്നിയത് ചെയ്തെന്നും ദൈവമാണ് പ്രേരണയെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറെന്നും രാകേഷ് കിഷോർ പറഞ്ഞു. ചീഫ് ജസ്റ്റിസിന് പിന്തുണയറിയിച്ച്‌ പ്രധാനമന്ത്രിയടക്കം നേതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് അഭിഭാഷകന്റെ പ്രതികരണം.ഇന്നലെ രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ച് ചേർന്ന സമയത്താണ് കോടതി മുറിക്കുള്ളില്‍ നാടകീയ രംഗങ്ങള്‍ നടന്നത്. അഭിഭാഷകർ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കുനേരെ ഷൂ എറിയാൻ ശ്രമിച്ചത്. സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കാൻ ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകൻ രാകേഷ് കിഷോറിന്റെ അതിക്രമം. കൃത്യസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു, പിന്നീട് പൊലീസിന് കൈമാറി. കോടതി നടപടികള്‍ തുടർന്ന ചീഫ് ജസ്റ്റിസ് ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് പ്രതികരിച്ചു.ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ അത് ദൈവത്തോട് പോയി പറയൂ എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ചില ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതാണ് അതിക്രമത്തിന് കാരണം. സംഭവത്തെ അപലപിച്ച്‌ എസ്‍സിആർഒഎ ഉള്‍പ്പെടെ സംഘടനകള്‍ രംഗത്ത് എത്തി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും സംഭവത്തെ അപലപിച്ചു. അതെസമയം അഭിഭാഷകന് എതിരെ കൂടൂതല്‍ നടപടികള്‍ ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചതോടെ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു. ഷൂവും കൈവശമുള്ള രേഖകളും തിരികെ നല്‍കി. അതേസമയം അഭിഭാഷകനെ ബാർ കൗണ്‍സില്‍ സസ്പെൻഡ് ചെയ്തു. കിഷോറിനെതിരെ കൗണ്‍സില്‍ അച്ചടക്ക നടപടികളും തുടങ്ങി.അതേ സമയം അതിക്രമ ശ്രമത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. അക്രമത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ചിഫ് ജസ്റ്റിസിനെ ഫോണില്‍ വിളിച്ച്‌ പിന്തുണ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികള്‍ രംഗത്തെത്തി. വിവിധ അഭിഭാഷക സംഘടനകളും പ്രതിഷേധം അറിയിച്ചു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയൻറെ നേതൃത്വത്തില്‍ ഇന്ന് സുപ്രീംകോടതിക്ക് മുന്നില്‍ അഭിഭാഷകർ പ്രതിഷേധിക്കും. അഭിഭാഷകനെതിരെ കേസെടുക്കേണ്ട എന്ന നിലപാടിലാണ് ചീഫ് ജസ്റ്റിസ്.

Leave a Reply

Your email address will not be published. Required fields are marked *