ആര്‍എസ്‌എസ് പരിപാടിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ അമ്മ മുഖ്യാതിഥി

Oplus_16908288

ഒക്ടോബർ 5 ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ വിജയദശമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ആർ‌എസ്‌എസ് പരിപാടിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ അമ്മയും രാഷ്ട്രീയ പ്രവർത്തകയുമായ കമല്‍തായ് ഗവായി മുഖ്യാതിഥിയാകും.നാഗ്‌പൂരില്‍ ആർഎസ്‌എസ് ആസ്ഥാനത്ത് നടക്കുന്ന വിജയദശമി പരിപാടിക്ക് ശേഷമാണ് അമരാവതിയിലെ പരിപാടി. അമ്മ കമല്‍തായ് ആർഎസ്‌എസ് പരിപാടിയില്‍ മുഖ്യാതിഥിയാകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർ‌പി‌ഐ) നേതാവും ബിആർ ഗവായിയുടെ സഹോദരനുമായ ഡോ. രാജേന്ദ്ര ഗവായ് സ്ഥിരീകരിച്ചിട്ടുണ്ട്.മഹാരാഷ്ട്ര മുൻ ഗവർണർ പരേതനായ രാമകൃഷ്ണ ഗവായിയുടെ ഭാര്യയാണ് കമല്‍തായ്. ദാദാസാഹേബ് ഗവായി എന്നാണ് രാമകൃഷ്‌ണ ഗവായിയെ സ്നേഹപൂർവം ജനം വിളിച്ചിരുന്നത്. കമല്‍തായിയുടെ സമ്മതം വാങ്ങിയാണ് അവരെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് ആർഎസ്‌എസിൻ്റെ വിശ്വ സംവാദ് കേന്ദ്രയിലെ പ്രതിനിധികള്‍ ഇന്ത്യൻ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചത്. രാജ്യസഭ മുൻ ഡെപ്യൂട്ടി ചെയർമാൻ ബി.ഡി. ഖോബ്രഗഡെ, ദാദാസാഹിബ് ഗവായി തുടങ്ങിയ നേതാക്കള്‍ നാഗ്പൂരില്‍ നടന്ന ആർഎസ്‌എസ് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അതിനാലാണ് അമ്മയും ക്ഷണം സ്വീകരിച്ചതെന്നുമാണ് രാജേന്ദ്ര ഗവായ് പ്രതികരിച്ചത്. സഹോദരൻ ബിആർ ഗവായ് ഉന്നത പദവി അലങ്കരിക്കുന്നത് കൊണ്ടാണ് പലർക്കും അമ്മ ആർഎസ്‌എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ഇഷ്ടമാകാത്തതെന്നും ക്ഷേത്രങ്ങളോടും പള്ളികളോടും തുല്യബഹുമാനമുള്ളവരാണ് തങ്ങളുടെ കുടുംബമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസില്‍ ചേർന്നാല്‍ പിതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് ഇന്ദിരാഗാന്ധി വാഗ്ദാനം ചെയ്തിരുന്നുവെന്നും 2009 ലും 2014 ലും സോണിയ ഗാന്ധിയും 2019 ല്‍ മല്ലികാർജുൻ ഖാർഗെയും കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കാൻ തനിക്ക് ലോക്‌സഭാ ടിക്കറ്റ് വാഗ്ദാനം ചെയ്തുവെന്നും രാജേന്ദ്ര ഗവായ് കൂട്ടിച്ചേർത്തു. എങ്കിലും തങ്ങള്‍ അധികാരത്തിന് പിന്നാലെ ഓടിയിട്ടില്ല. അതായിരുന്നു ലക്ഷ്യമെങ്കില്‍ പിതാവിന് എളുപ്പത്തില്‍ ഉയർന്ന സ്ഥാനങ്ങള്‍ ലഭിച്ചേനെ. തനിക്കും അങ്ങനെ സ്ഥാനങ്ങള്‍ കിട്ടിയേനെ. എന്നാല്‍ തങ്ങള്‍ എന്നും തങ്ങളുടെ പാർട്ടിയോടും ആദർശങ്ങളോടും പ്രത്യയശാസ്ത്രത്തോടും കൂറ് പുലർത്തുന്നവരാണെന്നും അദ്ദേഹം വിശദീകരിച്ചു. കമല്‍തായിയോ മകൻ ബിആർ ഗവായിയോ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *