ജാതി സര്‍വേ തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി;ഡാറ്റകള്‍ രഹസ്യമായിസൂക്ഷിക്കണമെന്ന് നിര്‍ദ്ദേശം

കർണാടക സർക്കാർ ആരംഭിച്ച ജാതിസർവേയില്‍ (സാമൂഹിക-സാമ്ബത്തിക സർവേ) ഇടപെടാൻ വിസമ്മതിച്ച്‌ കർണാടക ഹൈക്കോടതി.സർവേ തടയണമെന്നാവശ്യപ്പെട്ട ഹർജികള്‍ കോടതി തള്ളി.ശേഖരിക്കുന്ന ഡാറ്റകള്‍ പുറത്താകില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു. സർവേയില്‍ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്ന കാര്യം വിജ്ഞാപനം ചെയ്യണമെന്നും നിർദേശിച്ചു. താത്പര്യമുണ്ടെങ്കില്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് വിഭു ബഖ്‌റു, ജസ്റ്റിസ് സിഎം ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. രാജ്യവൊക്കലിഗ സംഘ, അഖില കർണാടക ബ്രാഹ്മണ മഹാസഭ, അഖില കർണാടക വീരശൈവ-ലിംഗായത്ത് മഹാസഭ എന്നിവയുള്‍പ്പെടെ നല്‍കിയ ഒരുകൂട്ടം പൊതുതാത്പര്യ ഹർജികള്‍ പരിഗണിച്ചാണ് കോടതി വിധി. സർവേ താത്കാലികമായി തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സർവേയില്‍ ഇടപെടാൻ കാരണമൊന്നും കാണുന്നില്ലെന്ന് കോടതി പറഞ്ഞു. സർവേയെ കേന്ദ്രസർക്കാർ കോടതിയില്‍ എതിർത്തിരുന്നു.സർവേയിലെ ഡാറ്റകള്‍ സ്വകാര്യമായി സൂക്ഷിക്കുന്നത് ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികള്‍ വിവരിച്ച്‌ വെള്ളിയാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി പിന്നാക്കവിഭാഗ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാക്കവിഭാഗ കമ്മിഷന്റെ മേല്‍നോട്ടത്തിലാണ് സർവേ നടത്തുന്നത്. സർവേയില്‍ ഒരു വിവരവും നിർബന്ധമായി ആരും നല്‍കേണ്ടതില്ലെന്നകാര്യം എന്യൂമറേറ്റർമാരെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.ഓരോ സമുദായങ്ങള്‍ക്കും അവരുടെ പ്രാതിനിധ്യം ശരിയായരീതിയില്‍ ലഭിച്ചിട്ടുണ്ടോയെന്ന വിവരമാണ് സർവേയില്‍ ശേഖരിക്കുന്നതെന്ന് പിന്നാക്ക കമ്മിഷൻ കോടതിയില്‍ ബോധിപ്പിച്ചു. സർവേയില്‍ പങ്കെടക്കാൻ ആരെയും നിർബന്ധിക്കേണ്ടതില്ലെന്നും എന്യൂമറേറ്റർമാർക്ക് പരിശീലനവേളയില്‍ നിർദേശം നല്‍കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *