കഠിനംകുളത്തെ പൂജാരിയുടെ ഭാര്യയുടെ കൊലപാതകം; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്റ് കാലാവധി നീട്ടി കോടതി

Oplus_16908288

കഠിനംകുളം സ്വദേശി ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പിന് ജാമ്യം നിഷേധിച്ച്‌ കോടതി.പ്രതി ജയിലില്‍ തുടർന്ന് വിചാരണ നേരിടാൻ ഉത്തരവിട്ട കോടതി റിമാന്റ് ഈ മാസം 30വരെ നീട്ടി ജയിലിലേയ്ക്ക് തിരിച്ചയച്ചു. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്.കഴിഞ്ഞ ജനുവരി 21നാണ് കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ വെഞ്ഞാറമൂട് ആലിയാട് പ്ളാവിള വീട്ടില്‍ ആതിരയെ (30) ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ഫിസിയോ തെറാപ്പിസ്റ്റ് കൂടിയായ ജോണ്‍സണ്‍.ഒരുവർഷമായി ആതിരയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. തന്റെ ഒപ്പം വരണമെന്ന ജോണ്‍സണിന്റെ ആവശ്യം ആതിര നിഷേധിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറഞ്ഞത്. വിവാഹമോചിതനായ ഇയാള്‍ക്കൊപ്പം ഇറങ്ങിച്ചെല്ലണമെന്നാവശ്യപ്പെട്ട് ഇയാള്‍ പലതവണ ഭീഷണി മുഴക്കിയിരുന്നു.സംഭവദിവസം രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിലേക്ക് പോയ രാജീവ് രാവിലെ 11.30ന് മടങ്ങി എത്തിയപ്പോഴാണ് ആതിര മരിച്ച്‌ കിടക്കുന്നത് കണ്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ് രക്തംവാർന്ന നിലയിലായിരുന്നു മൃതദേഹം. സംഭവദിവസം രാവിലെ ഒൻപത് മണിയോടെ യുവതിയുടെ വീട്ടിലെത്തിയ ജോണ്‍സണ്‍ ബോധംകെടുത്തിയതിനുശേഷമാണ് കഴുത്തില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത്. പ്രതി കത്തിയുമായി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആതിരയുടെ സ്‌കൂട്ടറിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയില്‍വേ സ്റ്റേഷനില്‍ സ്‌കൂട്ടർ വച്ചതിനുശേഷം ട്രെയിൻ കയറി കോട്ടയം ഭാഗത്തേയ്ക്ക് പോയി. പിന്നീട് കോട്ടയം ചിങ്ങവനത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ വിഷപദാർത്ഥം കഴിച്ച്‌ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *