എസ്ബിഐ ജനറല്‍ ഇന്‍ഷൂറന്‍സ് മൊബൈല്‍ ആപ്പില്‍ ഹെല്‍ത്ത് സ്ക്കാനിങ് സംവിധാനം അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തെ മുന്‍നിര ജനറല്‍ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ എസ്ബിഐ ജനറല്‍ ഇന്‍ഷൂറന്‍സ് തങ്ങളുടെ മൊബൈല്‍ ആപ്പില്‍ സവിശേഷമായ ഹെല്‍ത്ത് സ്ക്കാനിങ് സംവിധാനം അവതരിപ്പിച്ചു. മുഖവും വിരലുകളും ലളിതമായി സ്ക്കാന്‍ ചെയ്തു കൊണ്ട് ഉപഭോക്താക്കള്‍ക്ക് പ്രധാനപ്പെട്ട ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതാണിത്. ഹൃദയ നിരക്ക്, ശ്വാസന നിരക്ക്, രക്ത സമ്മര്‍ദ്ദം, ബോഡി മാസ് ഇന്‍ഡക്സ്, ശരീരഭാരം, സമ്മര്‍ദ്ദ നില, ശരീരത്തിലെ കൊഴുപ്പ്, ശരീരത്തിലെ ജലം എന്നിവ അടക്കമുള്ള നിരവധി വിവരങ്ങള്‍ ഈ രീതിയില്‍ പരിശോധിക്കാം. പരമ്പരാഗത ഇന്‍ഷൂറന്‍സിനും ഉപരിയായി നവീനമായ ഹെല്‍ത്ത് സ്ക്കാനിങ് സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നത് വളരെ പ്രധാനപ്പെട്ട ചുവടുവെപ്പാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എസ്ബിഐ ജനറല്‍ ഇന്‍ഷൂറന്‍സ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര് മൊഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു. ഡിജിറ്റല്‍ ശക്തിയുള്ള ആരോഗ്യ അവബോധമുള്ള സമൂഹത്തെ അവരുടെ ക്ഷേമത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതില്‍ തങ്ങള്‍ക്കുള്ള പ്രതിബദ്ധത കൂടിയാണ് ഇതു ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് പുതിയ ബയോമെട്രിക് ഹെല്‍ത്ത് സംവിധാനം ലഭ്യമാണ്. പങ്കാളിത്ത സേവന ദാതാക്കളുമായി സഹകരിച്ച് വിവിധ ലാബ് പരിശോധനകള്‍ക്ക് അഞ്ചു ശതമാനം ഇളവും ഈ ആപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *