കോടതി വെറുതെ വിട്ടയാളെ അതേ കേസില്‍ അറസ്റ്റ് ചെയ്തത് വീഴ്ച ഉണ്ടായി: മനുഷ്യാവകാശ കമ്മീഷൻ

Oplus_16908288

കോടതി വെറുതെ വിട്ടയാളെ ചാത്തന്നൂർ എസ് എച്ച്‌ ഒ അതേ കേസില്‍ അറസ്റ്റ് ചെയ്തെന്ന പരാതിയില്‍ എസ് എച്ച്‌ ഒയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മീഷൻ.കമ്മീഷൻ അംഗം വി. ഗീതയാണ് നിലപാട് അറിയിച്ചിട്ടുള്ളത്.ഇക്കാര്യത്തില്‍ ചാത്തന്നൂർ എസ് എച്ച്‌ ഒ അനൂപിന്‍റെ ഭാഗം കേള്‍ക്കാനും കമ്മീഷൻ തീരുമാനിച്ചു. കൊല്ലത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് തുടർന്നും പരിഗണിക്കും.ജനുവരി 29 നാണ് പരാതിക്കാരനെ പറവൂർ കോടതി പൂർണമായും കുറ്റവിമുക്തനാക്കിയത്. പരാതിക്കാരനെ അറസ്റ്റ് ചെയ്യുന്നത് 2025 ഫെബ്രുവരി 12 നാണ്. കോടതി കുറ്റവിമുക്തനാക്കിയ കാര്യം പരിശോധിക്കാതെയാണ് അർധരാത്രി പരാതിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വീടിന്‍റെ മതില്‍ ചാടി കടന്ന് ഭാര്യയുടെയും മക്കളുടെയും സാന്നിധ്യത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പോലീസ് ജീപ്പില്‍ ഇരുന്ന് പോലീസ് ഇ കോർട്ട് സംവിധാനം പരിശോധിച്ചപ്പോഴാണ് വെറുതെവിട്ട വിവരം മനസിലാക്കിയതെന്നായിരുന്നു പോലീസ് നിലപാട്. പോലീസ് സ്റ്റേഷനില്‍ വച്ച്‌ ഇ-കോർട്ട് സംവിധാനം മനസിലാക്കി വേണമായിരുന്നു നടപടിയെടുക്കേണ്ടിയിരുന്നതെന്ന് കമ്മീഷൻ ഉത്തരവില്‍ പറഞ്ഞു.കോടതിയില്‍ നിന്നും അറസ്റ്റ് മെമ്മോ തിരികെ വിളിക്കുന്നതിലുണ്ടായ വീഴ്ച കാരണമാണ് പരാതിക്കാരനെ അറസ്റ്റ് ചെയ്തതെന്ന് കൊല്ലം ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. പോലീസിന്‍റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പോലീസ് മേധാവിയുടെ റിപ്പോർട്ടില്‍ പറയുന്നു.അറസ്റ്റിന്‍റെ കാരണം കുടുംബാംഗങ്ങളോട് പോലീസ് പറഞ്ഞില്ലെന്ന് പരാതിക്കാരനായ പള്ളിമണ്‍ സ്വദേശി വി. ആർ. അജി പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട കേസ് തീർന്നതാണെന്ന് പറഞ്ഞിട്ടും പോലീസ് ചെവിക്കൊണ്ടില്ല. വസ്ത്രം ധരിക്കാൻ അനുവദിച്ചില്ലെന്നും പരാതിക്കാരൻ അറിയിച്ചതോടെ,ഇക്കാര്യങ്ങളൊന്നും പോലീസ് റിപ്പോർട്ടിലില്ലെന്നായിരുന്നു കമ്മീഷൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *