ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം തടയുന്നതിനുള്ള നിയമം (PCPNDT) അനുസരിച്ചുള്ള കേസുകളില്‍ പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം.കുറ്റമറ്റ രീതിയിലല്ലാത്ത പ്രോസിക്യൂഷൻ മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം വീഴ്ചകളെന്ന് കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് നിർണായകമായ ഈ പരാമർശം നടത്തിയത്. നിയമത്തിലെ വ്യവസ്ഥകള്‍ വ്യക്തമായിരിക്കെത്തന്നെ അധികാരികള്‍ അപ്പീല്‍ ഫയല്‍ ചെയ്യാൻ പലപ്പോഴും മടിക്കുന്നു. ഇത് സ്ത്രീഭ്രൂണഹത്യ തടയാനുള്ള നിയമങ്ങളുടെ ലക്ഷ്യത്തെ ദുർബലപ്പെടുത്തുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ‘ഇപ്പോള്‍ പിഴ ചുമത്തുന്നില്ല, പക്ഷേ അടുത്ത തവണ പിഴ ചുമത്തിയേക്കാം,’ ജസ്റ്റിസ് നാഗരത്ന മുന്നറിയിപ്പ് നല്കി. വീഴ്ച വരുത്തിയ സംസ്ഥാനങ്ങളോട് നാല് ആഴ്ചക്കകം മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടു.അഡ്വക്കേറ്റ് ശോഭ ഗുപ്ത സമർപ്പിച്ച പൊതുതാല്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. പി.സി.പി.എൻ.ഡി.ടി. നിയമത്തിലെ റൂള്‍ 18A(5)(vi) പ്രകാരം വെറുതെവിട്ട കേസുകളില്‍ അപ്പീല്‍ നിർബന്ധമാണെന്നും എന്നാല്‍ പല സംസ്ഥാനങ്ങളും ഇത് അവഗണിക്കുകയാണെന്നും ഹർജിയില്‍ ആരോപിക്കുന്നു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമത്തിലെ സെക്ഷൻ 25 പ്രകാരം നടപടിക്ക് നിർദേശം നല്‍കണമെന്നും ഹർജി ആവശ്യപ്പെട്ടു.ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത്, ഝാർഖണ്ഡ്, ഡല്‍ഹി, രാജസ്ഥാൻ, ജമ്മു കശ്മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, അസം, പശ്ചിമ ബംഗാള്‍, നാഗാലാൻഡ്, ഹിമാചല്‍ പ്രദേശ്, മണിപ്പൂർ, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട്, ബിഹാർ എന്നീ 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ കേസില്‍ കക്ഷികളാണ്.കേസിന്റെ നടപടികളില്‍ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ പരീഖിനെ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു. നയരൂപീകരണം കേന്ദ്രത്തിന്റെ ചുമതലയാണെങ്കിലും നിയമം നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
സ്ത്രീഭ്രൂണഹത്യ: വെറുതെവിട്ട കേസുകളില്‍ അപ്പീല്‍ നല്‍കാത്തതിന് സംസ്ഥാനങ്ങളെ വിമര്‍ശിച്ച് സുപ്രീം കോടതി
