തിരുവനന്തപുരം ടൗണ്‍ പ്ലാനിങ് സ്‌കീം പ്രകാരം പൈതൃക മേഖലയായി പ്രഖ്യാപിച്ച വഞ്ചിയൂര്‍ വില്ലേജില്‍ അനധികൃതമായി കെട്ടിടം നിര്‍മിച്ച കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്നു ഹൈക്കോടതി.കേസില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. നാലു നിലകളിലായി പ്രവര്‍ത്തിക്കുന്ന സാമ്രാട്ട് ഹോട്ടല്‍ കെട്ടിടം അനധികൃതമായി നിര്‍മിച്ചെന്ന കേസിലാണു നടപടി. രണ്ടു നിലകളിലായുള്ള പഴയകെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്താന്‍ നല്‍കിയ അനുമതിയുടെ മറവില്‍ പഴയ കെട്ടിടം പൊളിച്ചു മാറ്റി നാലു നിലകളിലായി പുതിയ കെട്ടിടം പണി പൂര്‍ത്തിയാക്കിയെന്നും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഉദ്യോഗസ്‌ഥര്‍ കെട്ടിട ഉടമയുമായി ഗൂഢാലോചന നടത്തിയെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.അസി. പ്ലാനിങ് ഓഫീസര്‍ ജെ. ജയകുമാര്‍, ടൗണ്‍ പ്ലാനിങ് ഓഫീസര്‍ റോസ് മിലന്‍ ഡാനിയല്‍, ബില്‍ഡിംഗ് ഇന്‍സ്‌പെക്‌ടര്‍മാരായ വി. ശശിധരന്‍ നായര്‍, എം. കുമാരി, യു.ഡി. ക്ലാര്‍ക്ക് ആര്‍. ശങ്കരന്‍ എന്നിവര്‍ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തതായി കുറ്റപത്രത്തില്‍ പറയുന്നു. ആറാം പ്രതിയും കെട്ടിട ഉടമയുമായ ജി. മോഹന്‍ദാസിന്റെ വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്‌റ്റീസ് എ. ബദറുദ്ദീന്‍ തള്ളിയത്. വിജിലന്‍സിനു വേണ്ടി സ്‌പെഷല്‍ ഗവ. പ്ലീഡര്‍ എ. രാജേഷ്, സീനിയര്‍ ഗവ. പ്ലീഡര്‍ രേഖ. എസ് എന്നിവര്‍ ഹാജരായി.
അനധികൃത കെട്ടിട നിര്‍മാണം: പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
