സമ്പാദിക്കാന്‍ കഴിവുള്ള സ്ത്രീ ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടരുത്: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വരുമാനം നേടാൻ ശേഷിയുള്ള സ്ത്രീകള്‍ അവരുടെ ഭര്‍ത്താവില്‍നിന്ന് ഇടക്കാല ജീവനാംശം അവകാശപ്പെടരുതെന്ന സുപ്രധാന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. നിയമം അലസത പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സിആര്‍പിസി സെക്ഷന്‍ 125 അനുസരിച്ച് പങ്കാളികള്‍ക്കിടയില്‍ തുല്യത നിലനിര്‍ത്തുന്നതിനും ഭാര്യയ്ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനുമാണ് നിയമം ഉദ്ദേശിക്കുന്നതെന്നും അല്ലാതെ അലസതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്ര ധാരി സിങ് പറഞ്ഞു.വേര്‍പിരിഞ്ഞ ഭര്‍ത്താവ് ജീവനാംശം നൽകണമെന്ന ആവശ്യം നിഷേധിച്ച വിചാരണ കോടതി ഉത്തരവിനെതിരായി സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

ഒരു ജോലി സമ്പാദിക്കാന്‍തക്ക മികച്ച വിദ്യാഭ്യാസമുള്ള ഭാര്യ, ഭര്‍ത്താവില്‍നിന്ന് ജീവനാംശം നേടുന്നതിനായി മാത്രം വെറുതെയിരിക്കരുതെന്ന് പറഞ്ഞ കോടതി, ജീവനാംശം എന്ന ആവശ്യം തള്ളുന്നതായും വ്യക്തമാക്കി. ഹര്‍ജിക്കാരിക്ക് തന്റെ വിദ്യാഭ്യാസയോഗ്യതവെച്ച് സമ്പാദിക്കാന്‍ സാധിക്കുമെന്നും കോടതി വ്യക്തമാക്കി. സ്വയംപര്യാപ്തത നേടുന്നതിനായി ഒരു ജോലി അന്വേഷിക്കാനും ഹര്‍ജിക്കാരിയോട് കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *