സ്കൂള്‍ കുട്ടികളുടെ ആധാര്‍ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കണം; യുഐഡിഎഐ നിര്‍ദേശം

Oplus_16908288

രാജ്യത്തുടനീളമുള്ള സ്കൂളുകളിലെ അഞ്ച് മുതല്‍ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർ ബയോമെട്രിക് വിവരങ്ങള്‍ കാലതാമസമില്ലാതെ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശിച്ച്‌ യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ).ആധാർ നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ് കൃത്യസമയത്ത് പൂർത്തിയാക്കാൻ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യുഐഡിഎഐ സിഇഒ ഭുവ്നേഷ് കുമാർ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക ക്യാമ്ബുകള്‍ സംഘടിപ്പിക്കാൻ ആവശ്യമായ സഹായം നല്‍കണമെന്നും അദ്ദേഹം കത്തില്‍ അഭ്യർത്ഥിച്ചിട്ടുണ്ട്.അടുത്ത കാലത്ത് യുഐഡിഎഐ, വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് ‘യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ്’ (യുഡിഐഎസ്‌ഇ+) പ്ലാറ്റ്‌ഫോമില്‍ ഏതാണ്ട് പതിനേഴ് കോടി കുട്ടികളുടെ ആധാർ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഒരു വിദ്യാഭ്യാസ മാനേജ്മെൻ്റ് ഇൻഫർമേഷൻ സിസ്റ്റമാണ് യുഡിഐഎസ്‌ഇ+. സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ഇത് ശേഖരിക്കുന്നു.യുഐഡിഎഐയും സ്കൂള്‍ വിദ്യാഭ്യാസ വകുപ്പും ചേർന്നുള്ള ഈ സംയുക്ത നീക്കം കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഈ സംവിധാനത്തിലൂടെ നിലവിലുള്ള വിവരങ്ങള്‍ പുതുക്കാനും കൃത്യതയും വിശ്വാസ്യതയും നിലനിർത്താനും കഴിയും. കൂടാതെ, മത്സര പരീക്ഷകള്‍ക്കും സർക്കാർ സേവനങ്ങള്‍ക്കും തടസ്സമില്ലാതെ ആധാർ ഉപയോഗിക്കാനും ഇത് സഹായിക്കും. ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി കേന്ദ്ര സർക്കാർ വെബ്സൈറ്റുകള്‍ സന്ദർശിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *