ഗുജറാത്ത് ബിജെപിയിലെ കുപ്രസിദ്ധമായ മുണ്ടുരിയല്‍ കേസ് 29 വർഷങ്ങള്‍ക്ക് ശേഷം അവസാനിപ്പിച്ച് കോടതി.പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് പങ്കെടുത്ത യോഗത്തില്‍ പാർട്ടിക്കാർ ചേരിതിരിഞ്ഞ് തല്ലുകയും ഒരു മന്ത്രിയുടെ മുണ്ട് ഉരിയുകയും ചെയ്ത കേസാണ് അഹമ്മദാബാദ് സിറ്റി സെഷൻസ് കോടതി വ്യാഴാഴ്ച അവസാനിപ്പിച്ചത്.1996 മേയ് 20-നാണ് ശങ്കർസിങ് വഗേലയുടെയും കേശുഭായ് പട്ടേലിന്റെയും അനുയായികള്‍ സർദാർ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ വാജ്പേയിക്ക് സ്വീകരണം നല്കുന്ന ചടങ്ങിലായിരുന്നു സംഭവം. മന്ത്രിയും വഗേല പക്ഷക്കാരനുമായ ആത്മാറാം പട്ടേലിന്റെ മുണ്ട് എതിരാളികള്‍ വലിച്ചൂരിയെന്നാണ് പരാതി.മുൻ എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന എ.കെ പട്ടേല്‍, ബിജെപി നേതാവായിരുന്ന മംഗള്‍ദാസ് പട്ടേല്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ഇരയായ ആത്മാറാം പട്ടേലും പ്രതിയായ മംഗള്‍ദാസും മരിച്ചു. പാർട്ടിക്കകത്തെ പ്രശ്നങ്ങള്‍ മൂലമുണ്ടായ കേസ് ഇനിയും തുടരുന്നതില്‍ അർഥമില്ലെന്ന സർക്കാരിന്റെ അപേക്ഷ അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു. ഇതേ സംഭവത്തില്‍ പ്രവീണ്‍ തൊഗാഡിയ ഉള്‍പ്പെടെയുള്ളവർക്ക് എതിരായ കേസ് 2018ല്‍ പിൻവലിച്ചിരുന്നു.
ബിജെപിയിലെ ‘മുണ്ടുരിയല്‍ കേസ്’ 29 വര്‍ഷങ്ങള്‍ക്ക് ശേഷം അവസാനിപ്പിച്ച് കോടതി
