ന്യൂഡൽഹി: റേഷൻ കാർഡുകൾ ജനപ്രീതി കാർഡായി മാറിയിരിക്കുന്നുവെന്ന് സുപ്രീം കോടതി. ദരിദ്രർക്കുള്ള ആനുകൂല്യങ്ങൾ അർഹതയില്ലാത്ത വ്യക്തികളിലേക്ക് എത്തുന്നുണ്ടോയെന്നും കോടതി ചോദിച്ചു. സബ്സിഡികളുടെ ആനുകൂല്യങ്ങൾ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.’ദരിദ്രർക്കുള്ള ആനുകൂല്യങ്ങൾ അർഹതയില്ലാത്തവരിലേക്ക് ഒഴുകുന്നുണ്ടോ എന്നതാണ് ഞങ്ങളുടെ ആശങ്ക. റേഷൻ കാർഡ് ഇപ്പോൾ ഒരു ജനപ്രിയ കാർഡായി മാറിയിരിക്കുന്നു. ഈ സംസ്ഥാനങ്ങൾ ഇത്രയധികം കാർഡുകൾ നൽകിയിട്ടുണ്ടെന്ന് പറയുന്നു. വികസനം കാണിക്കേണ്ടി വരുമ്പോൾ നമ്മുടെ പ്രതിശീർഷ വരുമാനം വളരുകയാണെന്ന് പറയുന്ന ചില സംസ്ഥാനങ്ങളുണ്ട്.
പിന്നെ നമ്മൾ ബിപിഎല്ലിനെക്കുറിച്ച് സംസാരിക്കുമ്പോൾ ജനസംഖ്യയുടെ 75 ശതമാനവും ബിപിഎൽ ആണെന്ന് അവർ പറയുന്നു. ഈ വസ്തുതകൾ എങ്ങനെ അംഗീകരിക്കാനാകും. ആനുകൂല്യങ്ങൾ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് നാം ഉറപ്പാക്കണം.” ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.വികസന സൂചിക എടുത്തുകാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ പല സംസ്ഥാനങ്ങളും ഉയർന്ന പ്രതിശീർഷ വളർച്ച കാണിക്കുന്നുണ്ടെന്നും എന്നാൽ സബ്സിഡികളുടെ കാര്യത്തിൽ അവരുടെ ജനസംഖ്യയുടെ 75 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കോവിഡിൻ്റെ സമയത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള കേസിൽ ബെഞ്ച് വാദം കേൾക്കുന്ന സമയത്താണ് ഇക്കാര്യം സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ജനങ്ങളുടെ വരുമാനത്തിലെ അസമത്വങ്ങളിൽ നിന്നാണ് ഈ അപാകത ഉണ്ടായതെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.