ന്യൂഡല്‍ഹി: വിചാരണ നടപടികള്‍ നടക്കുന്നതിനിടെ പ്രതി കോടതിക്കുള്ളില്‍ അരി എറിഞ്ഞു. ഇതിനെത്തുടര്‍ന്ന് 10 മിനിറ്റ് നേരത്തേയ്ക്ക് കോടതി നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. കോടതി മുറിയിലെ പെരുമാറ്റത്തിന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിയെ ഒരു ദിവസത്തേക്കു തടവു ശിക്ഷ വിധിച്ചു.
ദുര്‍മന്ത്രവാദത്തെത്തുടര്‍ന്നാണ് അരി എറിഞ്ഞതെന്നാണ് സംശയിക്കുന്നത്. കോടതി മുറിയില്‍ നിറയെ വീണ അരി പിന്നീട് തൂപ്പുകാരനെ വിളിച്ചാണ് വൃത്തിയാക്കിയത്. പ്രതിയുടെ അഭിഭാഷകന്‍ വെര്‍ച്വലായിട്ടായിരുന്നു ഹാജരായത്. അയാളോട് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. പ്രതി പിന്നീട് കോടതിയില്‍ മുട്ട് കുത്തി ക്ഷമാപണം നടത്തി.
