ചണ്ഡീഗഢ്: നിയമ പോരാട്ടം നീണ്ടത് മൂന്ന് വര്‍ഷങ്ങള്‍. ഒടുവില്‍ തോറ്റ സ്ഥാനാര്‍ഥി ജയിച്ചു. ജയിച്ച സ്ഥാനാര്‍ഥി തോല്‍ക്കുകയും ചെയ്തു. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ബുവാന ലഖു ഗ്രാമത്തിലെ സർപഞ്ച് (പഞ്ചായത്തിലെ പ്രസിഡന്റ്) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് സുപ്രീം കോടതിയാണ് ഒടുവില്‍ തീര്‍പ്പുകല്‍പ്പിച്ചത്. അതും മുഴുവന്‍ ഇവിഎം മെഷിനുകളും വിളിച്ചുവരുത്തി വോട്ടെണ്ണിക്കൊണ്ട്.ഗ്രാമത്തിലെ സർപഞ്ച് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പിഴവിനെ തുടർന്ന് പരാജയപ്പെട്ട മോഹിത് മാലിക് കോടതി വിധിയെ തുടർന്ന് വീണ്ടും സർപഞ്ചായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 51 വോട്ടുകൾക്ക് മോഹിത് വിജയിച്ചതായി കോടതി പ്രഖ്യാപിച്ചു. കോടതിയിൽ ഇവിഎമ്മുകൾ തുറന്ന് വീണ്ടും വോട്ടെണ്ണിയ രാജ്യത്തെ ആദ്യത്തെ സംഭവമാണിത്.ജില്ലാ ഭരണകൂടം മോഹിതിന് സർപഞ്ചിൻ്റെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2022 നവംബർ 2 ന് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മോഹിതിനെ ആദ്യം സർപഞ്ചായി പ്രഖ്യാപിച്ചു.
വോട്ടെണ്ണലിൽ മാറ്റം വന്നതിനെ തുടർന്ന് എതിർ സ്ഥാനാർഥി കുൽദീപിനെ പിന്നീട് സർപഞ്ചായി പ്രഖ്യാപിച്ചു. വോട്ടെണ്ണലിൽ സംഭവിച്ച പിഴവാണ് ഇതിന് പിന്നിൽ എന്നാണ് ആദ്യം കരുതിയത്.എന്നാല്‍ തെരഞ്ഞെടുപ്പ് ഓഫീസർ നടത്തിയ ക്രമക്കേടാണ് ഇതിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ഗ്രാമത്തിൽ നിന്നുള്ള ഏഴ് പേര് സർപഞ്ച് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു പ്രധാനമായും മോഹിത്തും കുൽദീപും തമ്മിലായിരുന്നു മത്സരം. ബൂത്ത് നമ്പർ 69 ൽ പിഴവ് മൂലമാണ് ഫലം മാറിയെന്ന് മോഹിത് പറഞ്ഞെങ്കിലും ആരും വിലയ്ക്കെടുത്തില്ല.ഇതിനുശേഷം, ജില്ലാ തലത്തിൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പക്ഷേ അവിടെയും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. തുടർന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചു.
കോടതിയിൽ അപ്പീൽ നൽകിയപ്പോൾ, മാറ്റമൊന്നും ഉണ്ടാകില്ല എന്നു പറഞ്ഞു കൊണ്ട് ഗ്രാമവാസികൾ തന്നെ കളിയാക്കിയതായി മോഹിത് മാലിക് പറഞ്ഞു.ഓഗസ്റ്റ് 11-ാണ് മോഹിതിന് അനുകൂലമായി രാജ്യത്തെ പരമോന്നത കോടതി വിധി പുറപ്പെടുവിച്ചത്. കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചുവെന്നും ഓഗസ്റ്റ് 13 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുഖേന ഭരണകൂടം തന്നെ സർപഞ്ചായി നിയമിക്കുന്നതിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നും മോഹിത് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്രദിനാഘോഷത്തില്‍ സര്‍പഞ്ചായി പതാക ഉയര്‍ത്തിയും മോഹിത് ആയിരുന്നു.
