രാജ്യതലസ്ഥാനത്തെ എല്ലാ തെരുവുനായകളെയും ജനവാസ കേന്ദ്രങ്ങളിനിന്ന് മാറ്റണമെന്ന് സുപ്രീംകോടതി. നടപടിയെ തടസ്സപ്പെടുത്തുന്ന ഏതൊരു സംഘടനയും കർശന നടപടി നേരിടേണ്ടിവരും.മൃഗസ്നേഹികള്‍ക്ക് പേവിഷബാധയേറ്റവരെ തിരികെക്കൊണ്ടുവരാനാകുമോ? തെരുവുനായകളെ ദത്തെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും പേവിഷബാധ മൂലമുള്ള മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.വിഷയത്തില്‍ കേന്ദ്രസർക്കാരിന്റെ വാദം മാത്രമേ കേള്‍ക്കുകയുള്ളൂവെന്നും മൃഗസ്നേഹികളുടെയോ മറ്റു കക്ഷികളുടെയോ ഹർജികള്‍ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. പൊതുതാത്പര്യം മുൻനിർത്തിയാണിത് ചെയ്യുന്നത്. ഒരുതരത്തിലുള്ള വികാരങ്ങള്‍ക്കും ഇവിടെ സ്ഥാനമില്ല. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പർദിവാല പറഞ്ഞു. എല്ലാ സ്ഥലങ്ങളില്‍നിന്നും നായകളെ പിടിച്ച് ഷെല്‍ട്ടറിലേക്ക് മാറ്റണം. തത്കാലം നിയമം മറന്നേക്കൂ എന്നും അമിക്കസ് ക്യൂറി ഗൗരവ് അഗർവാലയോട് കോടതി പറഞ്ഞു. തെരുവുനായ ശല്യം പരിഹരിക്കാനുള്ള നടപടികള്‍ നിർദേശിച്ചത് അമിക്കസ് ക്യൂറി ഗൗരവ് അഗർവാലയാണ്.തെരുവുനായകളെ മാറ്റിപ്പാർപ്പിക്കാൻ ഡല്‍ഹിയില്‍ ഒരു സ്ഥലം കണ്ടെത്തിയതായി സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍, മൃഗാവകാശ പ്രവർത്തകർ സ്റ്റേ വാങ്ങിയതിനെത്തുടർന്ന് ഈ പദ്ധതി മുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. തെരുവുനായയെ ദത്തെടുത്ത് പരിഹാരം കാണാമെന്ന നിർദേശമുണ്ടായിരുന്നു. എന്നാല്‍, ആളുകള്‍ ദത്തെടുത്ത് കുറച്ചുകഴിയുമ്ബോള് ഉപേക്ഷിക്കുന്ന സ്ഥിതിവരുമെന്നതുകൊണ്ട് അത് നടപ്പാക്കിയില്ലെന്നും തുഷാർ മേത്ത അറിയിച്ചു.
ഡല്‍ഹിയിലെ നായകളെ പിടികൂടി ഷെല്‍ട്ടറിലാക്കണം, മൃഗസ്നേഹികളുടെ ഒരുഹര്‍ജിയും പരിഗണിക്കില്ല:സുപ്രീം കോടതി
