ആരോഗ്യ രംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്താൻ ഡോക്ടർമാരുടെ കുറിപ്പടിയില്‍ ജനറിക് മരുന്നുകള്‍ വായിക്കാൻ കഴിയുന്ന രീതിയില്‍ തയ്യാറാക്കണമെന്നും മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തി തല്‍സമയം തന്നെ ഡിജിറ്റലായി മെഡിക്കല്‍ രേഖകള്‍ രോഗികള്‍ക്കോ ബന്ധുക്കള്‍ക്കോ നല്‍കണമെന്നും കമ്മീഷൻ നിരീക്ഷിച്ചു.”ഉപഭോക്തൃ സംരക്ഷണത്തിലെ 2 (9), (ii ) വകുപ്പു പ്രകാരവും 2002ലെ ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ പ്രൊഫഷണല്‍ കോണ്ടാക്ട്, എറ്റിക്വിറ്റ് & എത്തിക്സ് പ്രകാരവും ചികിത്സ രേഖകള്‍ ലഭിക്കുക എന്നത് രോഗിയുടെ അവകാശമാണ്.ഭരണഘടന പ്രദാനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകവുമാണ് ” എന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബഞ്ച് വിലയിരുത്തി. മെഡിക്കല്‍ രേഖകള്‍ ലഭിക്കാനുള്ള അവകാശങ്ങള്‍ രോഗിക്കുണ്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ തന്നെ അധികൃതർ രോഗിയെ അറിയിക്കണം.എറണാകുളം നോർത്ത് പറവൂർ സ്വദേശി സൈജു മുജീബ് എറണാകുളം ലൂർദ് ഹോസ്പിറ്റലിനെതിരെ സമർപ്പിച്ച പരാതി നിരസിച്ചുള്ള ഉത്തരവിലാണ് നിർദേശം.എതിർകക്ഷി ഡോക്ടർക്കും ഹോസ്പിറ്റലിനും എതിരെ ചികിത്സാ പിഴവ് വ്യക്തമാക്കുന്ന ശക്തമായ തെളിവ് ഹാജരാക്കാൻ പരാതിക്കാരന് കഴിയാത്തതിനാല്‍ പരാതി കമ്മീഷൻ നിരാകരിച്ചു.ഉത്തരവിൻ്റെ പകർപ്പ് ദേശീയ മെഡിക്കല്‍ കമ്മീഷനും സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിനും തുടർ നടപടികള്‍ക്കായി അയയ്ക്കാനും രജിസ്ട്രിക്ക് നിർദ്ദേശം നല്കി.
ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മരുന്നുകള്‍ വായിക്കാൻ കഴിയുന്ന രീതിയില്‍ തയ്യാറാക്കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ
