വോട്ടര്‍പട്ടികയിലെ തീവ്രപരിശോധന: സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി മഹുവ മൊയ്ത്ര എംപി

Oplus_16908288

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് വോട്ടർപട്ടികയില്‍ തീവ്രപരിശോധന നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരേ മഹുവ മൊയ്ത്ര എംപി സുപ്രീംകോടതിയെ സമീപിച്ചു.ഭരണഘടന ഉറപ്പുനല്‍കുന്ന വിവിധ വ്യവസ്ഥകള്‍ ലംഘിക്കുന്ന നടപടിയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ സ്വീകരിക്കുന്നതെന്നും തീവ്രപരിശോധ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്സഭാംഗവുമായ മഹുവ സുപ്രീംകോടതിയെ സമീപിച്ചത്. കമ്മീഷന്‍റെ തീരുമാനം ഭരണഘടനയുടെ ആർട്ടിക്കിള്‍ 14, 19 (1) (എ), 21, 325, 328 എന്നിവ ലംഘിക്കുന്നതായും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1960ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങളിലെയും വ്യവസ്ഥകള്‍ക്ക് എതിരാണെന്നും ആരോപിക്കുന്നു. വോട്ടർപട്ടികയില്‍ തീവ്രപരിശോധന നടത്തുക എന്ന തെരഞ്ഞടുപ്പു കമ്മീഷന്‍റെ തീരുമാനം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതു വിലക്കണമെന്നും അഭിഭാഷക രേഖ രതി മുഖേന സമർപ്പിച്ച ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നീക്കത്തെ ചോദ്യം ചെയ്ത് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്ന സംഘടനയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ മുഖേനയാണ് എഡിആർ കോടതിയെ സമീപിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണവും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനം തീർത്തും ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാമത്തെ ഹർജി.അവസാനമായി 2003 ലാണ് ബിഹാറില്‍ വോട്ടർപട്ടിക പരിഷ്കരിച്ചത്. ഇതിനുശേഷം വോട്ടർ ലിസ്റ്റില്‍ പേരു ചേർത്തിട്ടുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സമർപ്പിക്കണമെന്നാണ് തെരഞ്ഞടുപ്പു കമ്മീഷൻ നല്‍കിയ നിർദേശം. പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം ഈ തീരുമാനത്തിനെതിരേ രംഗത്തുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷന്‍റെ തീരുമാനം രണ്ടു കോടിയിലധികം വോട്ടർമാരുടെ സമ്മതിദാന അവകാശം ഇല്ലാതാക്കുമെന്നാണ് ബിഹാറിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ആർജെഡി ചൂണ്ടിക്കാട്ടുന്നത്. യോഗ്യരായവരുടെ സമ്മതിദാന അവകാശം ഉറപ്പാക്കാനാണ് നടപടിയെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *