ക്യാംപസിന് പുറത്തുള്ള വിദ്യാർഥി സംഘർഷങ്ങളെ കൂടി റാഗിങ്ങായി കണക്കാക്കാവുന്ന രീതിയിൽ കേരള റാഗിങ് നിരോധന നിയമത്തിൽ ഭേദഗതി വേണമെന്ന് ഹൈക്കോടതി. ഹോസ്റ്റലുകളേയും വിദ്യാലയങ്ങളേയും റാഗിങ് നിയമ പരിധിയിൽ കൊണ്ടു വരണമെന്നും ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.ഇത്തരമൊരു ആവശ്യം ഉയർന്നെങ്കിലും ഇക്കാര്യത്തിൽ പൊലീസിന് നേരിട്ട് മറ്റ് നിയമങ്ങൾ പ്രകാരം നടപടിയെടുക്കാമെന്നതിനാൽ റാഗിങ് നിയമത്തിൽ ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, നിയമം കർശനമാകണമെങ്കിൽ ഇക്കാര്യം അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കരട് തയ്യാറായതായി സർക്കാരിന് വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. കരടിന്റെ പകർപ്പ് കേരള ലീഗൽ സർവീസ് അതോറിറ്റിക്കും യുജിസിക്കും നൽകാൻ കോടതി നിർദേശിച്ചു. സമഗ്രമായ നിയമങ്ങൾ രൂപീകരിക്കുന്നതിനായി ഒരു വർക്കിങ് കമ്മിറ്റി രൂപീകരിക്കാനും നിർദേശമുണ്ട്.
ക്യാംപസിന് പുറത്തുള്ള വിദ്യാർഥി സംഘർഷങ്ങളും റാഗിങ്ങായി കണക്കാക്കണം; റാഗിങ് നിരോധന നിയമത്തിൽ ഭേദഗതി വേണമെന്ന് ഹൈക്കോടതി
