തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടണ്‍ ഷിനവത്രയെ സസ്‌പെൻഡ് ചെയ്ത് രാജ്യത്തെ ഭരണഘടനാ കോടതി. കംബോഡിയയുടെ മുൻ പ്രധാനമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ചോർന്നതിന് പിന്നാലെയാണ് നടപടി.കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തായ്‌ലൻഡില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഭരണഘടന കോടതിയുടെ ഉത്തരവ്. തായ്‌ലൻഡില്‍ ഒരു വർഷത്തിനുള്ളില്‍ പുറത്താവുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് പെയ്‌റ്റോങ്‌ടണ്‍ ഷിനവത്ര.പ്രധാനമന്ത്രി ഗുരുതരമായ ധാർമ്മിക ലംഘനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഭരണഘടനാ കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രധാനമന്ത്രിയെ സസ്‌പെൻഡ് ചെയ്യുന്നതായി കോടതി അറിയിച്ചു. ഭരണഘടന കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുമെന്ന് ഷിനവത്ര പറഞ്ഞു.തായ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടാർണ്‍ ഷിനവത്രയും കംബോഡിയയുടെ മുൻ നേതാവും ഇപ്പോഴത്തെ സെനറ്റ് പ്രസിഡന്റും നിലവിലെ പ്രധാനമന്ത്രി ഹുൻ മാനെറ്റിന്റെ പിതാവുമായ ഹുൻ സെന്നും തമ്മിലുള്ള ചോർന്ന ഫോണ്‍ കോളാണ് വിവാദത്തിന് കാരണം.മെയ് 28 ന് തായ്‌ലൻഡ്-കംബോഡിയ അതിർത്തിയില്‍ ഒരു മാരകമായ സൈനിക ഏറ്റുമുട്ടലില്‍ ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ കോള്‍ ചോർന്നത്.
തായ്‌ലൻഡ് പ്രധാനമന്ത്രിയെ സസ്‌പെൻഡ് ചെയ്ത് കോടതി
