ജെഎസ്കെയുടെ ഹർജി ഇന്ന് ഹൈകോടതി പരിഗണിക്കും

‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ‘എന്ന ചിത്രത്തിന് പ്രദർശന അനുമതി നിഷേധിച്ചതിനെതിരെ അണിയറ പ്രവർത്തകർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ കാരണം സെൻസർ ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ജാനകി എന്ന പേര് മാറ്റാൻ വാക്കാൽ ആവശ്യപ്പെട്ടു എന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്. വിവാദങ്ങൾക്കിടെ സിനിമ വ്യാഴാഴ്ച വീണ്ടും സെൻസർ ബോർഡ് പ്രിവ്യൂവിന് എത്തുമെന്നാണ് വിവരം. സുരേഷ് ഗോപിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ എത്തേണ്ട ചിത്രത്തിനാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമായി നിഷേധിച്ചത്. മലയാളത്തിൽ ഉൾപ്പെടെ മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിൽ 96 ഇടങ്ങളിൽ ആണ് ജാനകി എന്ന പേര് പരാമർശിക്കുന്നത്. ഇത് മാറ്റുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കിരൺ രാജ് പറഞ്ഞു. കേന്ദ്രമന്ത്രി എന്ന നിലയിൽ സുരേഷ് ഗോപിക്ക് ഇടപെടുന്നതിൽ പരിധിയുണ്ട്. റിവ്യൂ കമ്മിറ്റി വ്യാഴാഴ്ച്ച വീണ്ടും സിനിമ കാണും. അതിന് ശേഷമുള്ള തീരുമാനത്തിനായി കാത്തിരിക്കുന്നതായി അണിയറ പ്രവർത്തകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *