കേന്ദ്ര സര്‍വ്വകലാശാലാ ബിരുദധാരികള്‍ക്ക് SET-ന് തുല്യതാ സര്‍ട്ടിഫിക്കറ്റ് വേണ്ട: കേരളഹൈക്കോടതി

കൊച്ചി :കേന്ദ്ര സർവ്വകലാശാലകളില്‍ നിന്നും, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (IGNOU) പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും ബിരുദം നേടിയവർക്ക് സംസ്ഥാന യോഗ്യതാ പരീക്ഷയായ (SET) സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാൻ തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് യുജിസി നിയമത്തിന് വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി.

ജസ്റ്റിസ് ഡി.കെ. സിംഗ് പുറപ്പെടുവിച്ച വിധിയില്‍, എല്‍ബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി (കേസിലെ രണ്ടാം കക്ഷി) പുറത്തിറക്കിയ SET പ്രോസ്പെക്ടസിലെ ഈ വ്യവസ്ഥ യുജിസി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അതീതമാണെന്ന് വ്യക്തമാക്കി. യുജിസി അംഗീകൃത കേന്ദ്ര സർവ്വകലാശാലയില്‍ നിന്ന് സാധുവായ ബിരുദം ഉണ്ടായിരുന്നിട്ടും, തുല്യതാ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ SET-ന് അപേക്ഷിക്കാൻ കഴിയാതിരുന്ന ഒരു ഉദ്യോഗാർത്ഥി ഫയല്‍ ചെയ്ത റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ വിധി.

പാർലമെന്റ് നിയമപ്രകാരം സ്ഥാപിതവും യുജിസി അംഗീകൃതവുമായ കേന്ദ്ര സർവ്വകലാശാലകള്‍ നല്‍കുന്ന ബിരുദങ്ങള്‍ക്ക് സംസ്ഥാന ഏജൻസികള്‍ക്ക് അധിക തുല്യതാ വ്യവസ്ഥകള്‍ ഏർപ്പെടുത്താൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. “ഒരു അംഗീകൃത കേന്ദ്ര സർവ്വകലാശാല ബിരുദം നല്‍കിക്കഴിഞ്ഞാല്‍, അതിന്റെ സാധുതയെ ചോദ്യം ചെയ്യുന്നതോ ഒരു സംസ്ഥാന സർവ്വകലാശാലയില്‍ നിന്നോ ഏജൻസിയില്‍ നിന്നോ തുല്യതാ സർട്ടിഫിക്കറ്റ് തേടുന്നതോ നിയമപരമായി നിലനില്‍ക്കില്ല,” കോടതി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *