തിരുവനന്തപുരം :ആഫ്രിക്കയില്‍ നിന്ന് ലഹരിമരുന്ന് കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് 60 വർഷം വീതം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി.ശ്രീകാര്യം സ്വദേശി സന്തോഷ് ലാല്‍ (43), കടുവിളാകം സ്വദേശി രമേശ് (33) എന്നിവർക്കാണ് 60 വർഷം വീതം കഠിനതടവും 4 ലക്ഷം രൂപ വീതം പിഴയും വിധിച്ചത്.തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 130 കോടി വില വരുന്ന 22.60 കിലോ ഹെറോയിനാണ് ഇവർ ആഫ്രിക്കയില്‍ നിന്നും കടത്തിയത്. 2022 സെപ്റ്റംബറില്‍ നെയ്യാറ്റിൻകരയിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ നിന്നാണ് ഹെറോയിൻ ലഹരിമരുന്നുമായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഇവരെ പിടികൂടിയത്.കേസില്‍ മൂന്നും നാലും പ്രതികളായ കിളിമാനൂർ സ്വദേശി ബിനുക്കുട്ടൻ (46), വെള്ളല്ലൂർ സ്വദേശി ഷാജി (57) എന്നിവർക്ക് 20 വർഷം വീതം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി കെ. പി. അനില്‍കുമാർ ശിക്ഷ വിധിച്ചിട്ടുണ്ട്. ഡിആർഐ ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വില്‍പനയ്‌ക്കായി എത്തിച്ച വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്.
ആഫ്രിക്കയില്‍ നിന്ന് ലഹരിമരുന്ന് കടത്ത് ; പ്രതികള്‍ക്ക് 60 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി
