മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് ഹാജരാകാനുള്ള സമയം നീട്ടി നല്‍കി

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടി.

നടൻ ഇന്ന് ഹാജരാകില്ലെന്നും ഹാജരാകാനുള്ള സമയം കോടതി നീട്ടി നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ മാസം 27നു ഹാജരാകാനാണ് നിർദേശമെന്നും പൊലീസ് വ്യക്തമാക്കി.

14 ദിവസത്തിനകം ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്‍റെ നിർമാതാക്കള്‍ക്ക് നേരത്തെ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. സൗബിനൊപ്പം സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോണ്‍ ആന്‍റണി എന്നിവർക്കും നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈകോടതി ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു നടപടി.

സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച്‌ സിറാജ് വലിയ തുറ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.

സിറാജ് സിനിമക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നല്‍കാതിരുന്നതിനാല്‍ കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നായിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാല്‍ ഷൂട്ട്‌ ഷെഡ്യൂളുകള്‍ മുടങ്ങുകയും, ഷൂട്ടിങ് നീണ്ടു പോകുകയും ചെയ്‌തെന്നും നിർമാതാക്കളും വാദിച്ചിരുന്നു. എന്നാല്‍ കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നായിരുന്നു ഹൈകോടതി നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *