ചെന്നൈ :കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ തമിഴ്‌നാട്ടില്‍ എഡിജിപി അറസ്റ്റില്‍. മദ്രാസ് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് എച്ച് എം ജയറാമിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
എംഎല്‍എ പൂവൈ ജഗന്‍ മൂര്‍ത്തിയോടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നടപടി. എംഎല്‍എയെ കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് മാതൃകയാകേണ്ട എംഎല്‍എ എന്തിനാണ് പൊലീസിനെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. തിരുവലങ്ങാട് 16 കാരനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് അമ്മ ലക്ഷ്മി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ലക്ഷ്മിയുടെ മൂത്തമകന്‍ തേനി സ്വദേശിയായ യുവതിയെ പ്രണയിച്ച് വാവഹം കഴിച്ചിരുന്നു. വിവാഹ വിവരം അറിഞ്ഞതോടെ യുവതിയുടെ പിതാവ് ധനുഷിനെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പൊലീസ് ഉദ്യോഗസ്ഥ മഹേശ്വരിയുടെ സഹായം തേടി. മഹേശ്വരി ഇക്കാര്യം എഡിജിപിയെ അറിയിച്ചെന്നും എഡിജിപി ഇക്കാര്യം എംഎല്‍എയെ അറിയിച്ചെന്നുമാണ് വിവരം. ഇവര്‍ ഏര്‍പ്പാടാക്കിയ സംഘം വീട്ടിലെത്തിയപ്പോള്‍ ധനുഷ് ഉണ്ടായിരുന്നില്ല. പകരം ധനുഷിന്റെ അനുജനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമായതോടെ എഡിജിപിയുടെ ഔദ്യോഗിക വാഹനത്തില്‍ യുവാവിനെ ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടുവെന്നാണ് വിവരം. മഹേശ്വരി നിലവില്‍ സസ്‌പെന്‍ഷനിലാണ്.