എംഎസ്‌സി കമ്പനിക്ക് തിരിച്ചടി,വിഴിഞ്ഞത്തുള്ള കപ്പൽ തീരം വിടുന്നതിന് വിലക്ക്

കൊച്ചി: എംഎസ്‌സി എല്‍സ ത്രീയുടെ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയുടെ മറ്റൊരു കപ്പല്‍ വിഴിഞ്ഞം തീരം വിടുന്നത് ഹൈക്കോടതി തടഞ്ഞു. എംഎസ്സി മാന്‍സ എഫ് കപ്പല്‍ വിഴിഞ്ഞം വിടുന്നതിനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിലക്ക്. വിഴിഞ്ഞം തുറമുഖം അധികൃതര്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കപ്പല്‍ മുങ്ങി ചരക്ക് നാശമുണ്ടായ സാഹചര്യത്തില്‍ അഞ്ചര കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എംഎസ്‌സി കപ്പല്‍ കമ്പനി കെട്ടിവെയ്ക്കണം. ചരക്കുടമകള്‍ നല്‍കിയ അഞ്ച് ഹര്‍ജികളിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

നേരത്തേ കൊച്ചി, കോഴിക്കോട് പുറംകടലില്‍ ഉണ്ടായ കപ്പല്‍ ദുരന്തങ്ങളില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കപ്പല്‍ അപകടങ്ങളില്‍ കര്‍ശന നടപടി വേണം. ഒരു തവണ കര്‍ശന നടപടി എടുക്കാതിരുന്നാല്‍ അക്കാര്യം ശീലമായി മാറും. പരിസ്ഥിതിക്കുണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം.

നിയമങ്ങളും രാജ്യാന്തര കരാറുകളും പരിശോധിച്ച് നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. നഷ്ടം കപ്പല്‍ കമ്പനിയില്‍ നിന്ന് തിരിച്ചുപിടിക്കണം. പൊതുഖജനാവിലെ പണം ഉപയോഗിച്ചല്ല നഷ്ടം നികത്തേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. രണ്ട് കപ്പല്‍ അപകടങ്ങളും ഹൈക്കോടതി പൊതുതാത്പര്യ ഹര്‍ജിയില്‍ പരിഗണിക്കും. പൊതുതാത്പര്യ ഹര്‍ജി ഭേദഗതി ചെയ്ത് നല്‍കാന്‍ ഹര്‍ജിക്കാരന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *