കൊച്ചി കപ്പൽ അപകടം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കേരളാതീരത്തെ ലൈബീരിയൻ കപ്പൽ അപകടം സംബന്ധിച്ച പൊതുതാത്പര്യ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നഷ്ടപരിഹാരം തേടി കപ്പൽ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഉൾപ്പെടെ ആവശ്യപ്പെട്ട് പ്രിയൻ പ്രതാപൻ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.

വിഷയത്തിൽ സംസ്ഥാന സർക്കാറിനോട് നേരത്തെ കോടതി വിശദീകരണം തേടുകയും വിവരങ്ങൾ ലഭ്യമാക്കാനും കോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് കാർഗോ വിശദാംശങ്ങൾ ഉൾപ്പെടെ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചത്. കപ്പൽ അപകടത്തിന് പിന്നാലെ സ്വീകരിച്ച നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും. കേസെടുത്ത കാര്യം വിശദാംശങ്ങൾ പുറത്ത് വിട്ടത്, അപകടവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എന്നിവ സർക്കാർ കോടതിയെ ധരിപ്പിക്കും.

കൊച്ചി പുറംകടലിൽ MSC എൽസ-3 കപ്പൽ അപകടത്തിൽപ്പെട്ട കേസിൽ പരാതിക്കാരൻ സി.ഷാംജിയുടെ മൊഴി കോസ്റ്റൽ പൊലീസ് രേഖപ്പെടുത്തി. വരുംദിവസങ്ങളിൽ പ്രതികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

കപ്പൽ കമ്പനിയെ ഒന്നാംപ്രതിയാക്കിയും ഷിപ്പ് മാസ്റ്ററെയും ക്രൂവിനെയും രണ്ടും മൂന്നും പ്രതികളാക്കിയുമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവിൽ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കോസ്റ്റൽ എഐജി പദം സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *