കൊച്ചി തീരത്ത് ചരക്കുകപ്പൽ മുങ്ങിയ സംഭവം: ഒടുവിൽ കേസെടുത്തു

കൊച്ചി: കൊച്ചി തീരത്ത് ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. അപകടത്തിൽ പെട്ട എം എസ് സി എൽസ 3 കപ്പലിന്റെ ഉടമകൾക്ക് എതിരെയാണ് കേസ്. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ജീവനക്കാർ മൂന്നാം പ്രതിയുമാണ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനുഷ്യ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു എന്ന് കാണിച്ചാണ് നടപടി. ഉദാസീനതയോടെ കപ്പൽ കൈകാര്യം ചെയ്തതായി എഫ് ഐ ആറിൽ ചൂണ്ടിക്കാട്ടുന്നു. ഇത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കി. മത്സ്യബന്ധന മേഖലക്ക് പ്രതിസന്ധിയുണ്ടാക്കിയെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു. മെയ് 24ന് കൊച്ചി തീരത്തുണ്ടായ എം.എസ്.സി എൽസ 3 എന്ന ചരക്കുകപ്പലിന്റെ അപകടം വലിയ പാരിസ്ഥിതിക ആശങ്കകളാണ് ഉയർത്തിയത്. 643 കണ്ടെയ്‌നറുകളുമായി സഞ്ചരിച്ചിരുന്ന ഈ കപ്പൽ മുങ്ങുകയും, അതിലെ കണ്ടെയ്‌നറുകൾ കേരളത്തിന്റെ തീരങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ഈ അപകടം സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ കേസെടുക്കേണ്ടെന്ന നിലപാടിൽ ആയിരുന്നു സർക്കാർ. പിന്നീട് പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കേസ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *