മംഗളൂരുവിലെ ബജ്‌റംഗ് ദൾ നേതാവിന്റെ കൊലപാതക കേസ്: അന്വേഷണം എൻഐഎയ്ക്ക് കൈമാറി

കാസർകോട്: മംഗളൂരുവിലെ ബജ്റംഗ് ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതക കേസ് എൻഐഎ അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഒരു മാസത്തിനിടെ നടന്ന മൂന്ന് സമാന കൊലപാതകങ്ങളിൽ ഒന്നു മാത്രമാണ് എൻഐഎയ്ക്ക് കൈമാറിയത്.

അന്വേഷണം നടത്താനുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രലായത്തിൽനിന്നും ലഭിച്ചെന്നും കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു.

മെയ് ഒന്നിന് മംഗളൂരുവിലെ ബാജ്പെയിലെ കിന്നിപ്പിദവിൽ നടുറോഡിലാണ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. ഫാസിൽ വധക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു മരണം.

കൊലപാതകം അടക്കം നാല് കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി.കാറിലും പിക്കപ്പ് വാനിലുമായി എത്തിയ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തുകയും സുഹാസിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ ഇതുവരെ 16 പേരാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *