ഐഎസ്ഐ ബന്ധവും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും ആരോപിച്ച് ഒസിഐ (ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) പദവി റദ്ദാക്കുകയും കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്ത യുഎസ് പൗരൻ ഖാലിദ് ജഹാംഗീർ ഖാസിക്ക് ഇന്ത്യയിലേക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി.കുടുംബാംഗങ്ങളെ സന്ദർശിക്കാൻ അനുമതി തേടി ഖാസി നല്കിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.ഖാസിയുടെ ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കിയ കേന്ദ്ര നടപടി ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. ഇതിന് സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ എങ്ങനെ തടയാനാകുമെന്ന് കോടതി ചോദിച്ചു. എണ്‍പത് വയസ്സിന് മുകളിലുള്ള ഖാസിയുടെ പ്രായം പരിഗണിച്ച് മാനുഷികമായ സമീപനം സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.അതേസമയം, ഖാസി കടുത്ത വിഘടനവാദിയാണെന്നും ഐഎസ്ഐ ബന്ധമുണ്ടെന്നും ആരോപിച്ച് കേന്ദ്ര സർക്കാർ ഹർജിയെ ശക്തമായി എതിർത്തു. എന്നാല്‍, ഖാസിയുടെ യാത്ര സഹോദരിമാർ താമസിക്കുന്ന നഗരത്തില്‍ മാത്രമായി പരിമിതപ്പെടുത്താമെന്നും അധികൃതർക്ക് മുന്നില്‍ റിപ്പോർട്ട് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തില്‍ നിലപാടറിയിക്കാൻ കേന്ദ്രം സമയം തേടിയതോടെ കേസ് ഒരാഴ്ചത്തേക്ക് മാറ്റി.
കരിമ്പട്ടികയില്‍പ്പെട്ട യുഎസ് പൗരന് ഇന്ത്യയില്‍ പ്രവേശനം നല്കുന്ന കാര്യം പരിഗണിക്കണം; കേന്ദ്രത്തോട് സുപ്രീം കോടതി
