പരീക്ഷ എഴുതാൻ അനുമതി ആവശ്യപ്പെട്ടുള്ള കാലടി സർവകലാശാല വിദ്യാർഥികളുടെ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വിധി പറയുക. സസ്പെൻഷൻ നടപടികള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നാണ് വിദ്യാർഥികളുടെ വാദം. ഖേദം പ്രകടിപ്പിച്ചാല്‍ 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാമെന്നാണ് സർവകലാശാലയുടെ നിലപാട്. എന്നാല്‍, മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും, പ്രസ്തുത ഉത്തരവുകള്‍ റദ്ദാക്കണമെന്നും വിദ്യാർഥികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.വിദ്യാർഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള ഹാജർ ഇല്ലെന്നും, സർവകലാശാല കോടതിയില്‍ നിലപാടെടുത്തിരുന്നു. സർവകലാശാലയിലെ എസ്‌എഫ്‌ഐ നിരാഹാര സമരം തുടരുകയാണ്. രണ്ടുമാസത്തിലേറെയായി വിദ്യാര്‍ഥികളെ പുറത്തുനിര്‍ത്തിയിട്ടും സര്‍വകലാശാലയുടെ അരിശം തീരുന്നില്ലേ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സസ്പെൻഷൻ നടപടികള്‍ അച്ചടക്കലംഘനത്തിന്റെ പേരില്‍ മാത്രം ഉള്ളതാണെന്നും മാപ്പപേക്ഷ നല്‍കിയാല്‍ തീരുന്ന വിഷയമാണെന്നും കോടതി മുമ്പ് നിരീക്ഷിച്ചിരുന്നു.സസ്പെൻഷൻ പിൻവലിക്കുന്നതിനൊപ്പം നഷ്ടപ്പെട്ട ഹാജർ ക്രമീകരിച്ച് പരീക്ഷ എഴുതാൻ അനുമതി ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് വിദ്യാർഥികള്‍. വിദ്യാർഥികളുടെ നിരാഹാര സമരം തുടരുകയാണ്. ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് രാവിലെ 10 മണിയോടെ കാലടിയില്‍ വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭവും നടക്കുന്നുണ്ട്.ആഗസ്റ്റ് 13ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. രണ്ടു മാസം കഴിഞ്ഞിട്ടും സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല. സസ്‌പെൻഡ് ചെയ്യപ്പെട്ട 16ല്‍ 10 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്. മാപ്പ് എഴുതി നല്‍കിയാല്‍ 12 വിദ്യാർഥികളുടേയും സസ്‌പെൻഷൻ പിൻവലിക്കാമെന്നായിരുന്നു സിൻഡിക്കറ്റ് തീരുമാനം.
കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന്
