തെന്നിന്ത്യൻ നടി സുരേഖ വാണിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെച്ചൊല്ലി വിവാദം. യുവാവിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും വിഡിയോകളുമാണ് പുറത്തുവന്നത്.നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആദ്യം പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങള്‍ പിന്നീട് നീക്കം ചെയ്തെങ്കിലും അതിനകം വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.നടി തന്നെയാണ് അബദ്ധത്തില്‍ സ്വകാര്യ വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചതെന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു. വിഡിയോയിലുള്ള യുവാവ് നടിയുടെ കാമുകനാണെന്നും ചിലർ അവകാശപ്പെട്ടു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി വ്യക്തിജീവിതത്തെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. 49 വയസ്സുള്ള നടിയുടെ പ്രണയബന്ധത്തെ ചോദ്യം ചെയ്തും മകളുടെ പ്രായം ചൂണ്ടിക്കാട്ടിയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളുമുണ്ടായി.എന്നാല്‍, തന്റെ സമ്മതമില്ലാതെയാണ് സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവന്നതെന്നാണ് സുരേഖ വാണിയുടെ വിശദീകരണം. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും സ്വകാര്യ വിവരങ്ങളും ദൃശ്യങ്ങളും മറ്റുള്ളവർ ദുരുപയോഗം ചെയ്യുകയാണെന്നും താരം വ്യക്തമാക്കി. സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു.സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് മീം പേജുകള്‍, മാധ്യമങ്ങള്‍, യൂട്യൂബ് ചാനലുകള്‍, വ്യക്തികള്‍ എന്നിവരോട് നടി ആവശ്യപ്പെട്ടു. ഇത്തരം ഉള്ളടക്കങ്ങള്‍ ഷെയർ ചെയ്യുകയോ റീപോസ്റ്റ് ചെയ്യുകയോ വീണ്ടും അപ്ലോഡ് ചെയ്യുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്കി.തന്റെ വ്യക്തിപരമായ വിവരങ്ങളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെയും വ്യക്തികളെയും കണ്ടെത്തി തെളിവുകള്‍ ശേഖരിക്കുമെന്നും അവർക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുരേഖ വ്യക്തമാക്കി. വ്യൂസിനും റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി ഈ സാഹചര്യം ഉപയോഗപ്പെടുത്തരുതെന്നും സ്വകാര്യത മാനിക്കണമെന്നും താരം അഭ്യർഥിച്ചു.
ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; യുവാവുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ചു; നിയമനടപടിക്കൊരുങ്ങി നടി സുരേഖ വാണി
