‘സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കണം’; ജസ്റ്റിസ് ബി.വി. നാഗരത്ന

ന്യൂഡൽഹി: സർക്കാർ ജീവനക്കാർ ‘പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗമാണെ’ന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. കൂടുതൽ ഉത്തരവാദിത്തവും കൃത്യനിഷ്ഠയും ഉറപ്പാക്കാൻ സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽനിയമിക്കുന്ന രീതിയാണ് ഇനി സ്വീകരിക്കേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. പഞ്ചാബ് സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) കുടിശ്ശിക നൽകാത്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് നാഗരത്നയുടെ പരാമർശങ്ങൾ.

ജസ്റ്റിസുമാരായ നാഗരത്നയും ആർ. മഹാദേവനും അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ‘ഇനി മുതൽ സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കണം. അങ്ങനെ ചെയ്താൽ മാത്രമേ അവരിൽ ഉത്തരവാദിത്തബോധം ഉണ്ടാകൂ. ഒരു ദിവസം മൂന്ന് പേജ് മാത്രമാണ് അവർ ടൈപ്പ് ചെയ്യുന്നത്. അവർക്ക് ജുഡീഷ്യൽ വിഭാഗത്തിൽ ജോലി ചെയ്യാൻ താൽപര്യമില്ല. ഹൈകോടതിയിലോ ജില്ലാ കോടതിയിലോ നിയമനം ലഭിച്ചാൽ എല്ലാവരും സെക്രട്ടറിയേറ്റിലേക്ക് പോകുന്നു. അവിടെ ഒരു ദിവസം ടൈപ്പ് ചെയ്യുന്നത് വെറും മൂന്ന് പേജ് മാത്രം!’ -ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു.

ഹരജി പരിഗണിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ക്ഷേമപദ്ധതികൾക്കും സൗജന്യ ആനുകൂല്യങ്ങൾക്കുമായി ചെലവഴിക്കുന്ന തുകയും സംബന്ധിച്ചും കോടതി ചർച്ച നടത്തി. ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശിക തീർപ്പാക്കാൻ ആവശ്യമായ പണമില്ലെന്നാണ് പഞ്ചാബ് സർക്കാർ നേരത്തെ ഹൈകോടതിയെ അറിയിച്ചിരുന്നത്. ക്ഷാമബത്ത കുടിശ്ശിക നൽകാത്തതിനെതിരെ പഞ്ചാബ് സർക്കാർ ജീവനക്കാരാണ് കോടതിയെ സമീപിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് കുടിശ്ശിക നൽകാൻ കഴിയാത്തതിന് കാരണമെന്ന വാദം സുപ്രീംകോടതിയിലും പഞ്ചാബ് സർക്കാർ ആവർത്തിച്ചു.

ഹരജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ജീവനക്കാരുടെ ഉത്തരവാദിത്തബോധത്തെ ജസ്റ്റിസ് നാഗരത്ന ചോദ്യം ചെയ്തത്. സർക്കാർ ജീവനക്കാർ സമൂഹത്തിലെ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗമാണെന്ന് അവർ നിരീക്ഷിച്ചു. അതേസമയം, സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ സഹായിക്കാനാണ് ക്ഷേമപദ്ധതികളും സൗജന്യ ആനുകൂല്യങ്ങളും ലക്ഷ്യമിടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ജീവനക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത്, നിരവധി സർക്കാർ ജീവനക്കാർ ആത്മാർഥതയോടെയും ഉത്തരവാദിത്തത്തോടെയും ജോലി ചെയ്യുന്നവരാണെന്നും എല്ലാ ജീവനക്കാരെയും ഒരേ രീതിയിൽ വിലയിരുത്തരുതെന്നും വാദിച്ചു.സർക്കാർ ജീവനക്കാർ തങ്ങളുടെ ചുമതലകൾ ആത്മാർഥമായും കൃത്യമായും നിർവഹിക്കുന്നുണ്ടെങ്കിൽ രാജ്യത്തെ കോടതികളിൽ കേസുകളുടെ എണ്ണം കുറയേണ്ടതാണ്. പൊതുഭരണ സംവിധാനത്തിൽ കൂടുതൽ ഉത്തരവാദിത്തവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന രീതിയാണ് പരിഗണിക്കേണ്ടതെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു.ക്ഷാമബത്ത കുടിശ്ശിക നൽകാത്തതുമായി ബന്ധപ്പെട്ട് പഞ്ചാബ് ചീഫ് സെക്രട്ടറിക്കെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്ന രീതിയിൽ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥരെ ഇത്തരത്തിൽ സമ്മർദത്തിലാക്കുന്ന നടപടികളെ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ പഞ്ചാബ് സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച പ്രധാന തർക്കത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *