13 വർഷത്തെ കാത്തിരിപ്പിന് വിരാമം; അമ്മയും മക്കളും വീണ്ടും ഒന്നിച്ചു, വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി കോടതി

best supreme court lawyers in Delhi

കാസർകോട്: പതിമൂന്ന് വർഷത്തെ വേർപാടിനൊടുവിൽ അമ്മയും മക്കളും വീണ്ടും കണ്ടുമുട്ടി. 2013ലെ കേസിൽ ഒളിവിലായിരുന്ന 44കാരിയായ അമ്മയെ പൊലീസ് കണ്ടെത്തിയതോടെയാണ് വർഷങ്ങൾക്കുശേഷം കുടുംബം വീണ്ടും ഒന്നിച്ചത്. കാസർകോട് ചീമേനി സ്വദേശിനിയായ സ്ത്രീയെ ഒക്ടോബർ 21ന് പത്തനംതിട്ടയിലെ തിരുവല്ലയിൽ നിന്നാണ് ചിറ്റാരിക്കൽ പൊലീസ് കണ്ടെത്തിയത്.ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് വിവാഹമോചനത്തിന് ഒരുങ്ങുന്നതിനിടെയാണ് 2013ൽ സ്ത്രീക്കെതിരെ കേസെടുത്തത്. അന്ന് 12 വയസ്സുണ്ടായിരുന്ന മകൻ അച്ഛന്റെ നിർബന്ധപ്രകാരമാണ് അമ്മയ്‌ക്കെതിരെ പരാതി നൽകിയതെന്നാണ് റിപ്പോർട്ട്. അമ്മ മർദിച്ചെന്ന പരാതിയിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു. ജാമ്യത്തിലിറങ്ങിയ സ്ത്രീ പിന്നീട് ഒളിവിൽ പോയി. വർഷങ്ങൾക്കുശേഷം നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലയിൽ ഹോം നഴ്‌സായി ജോലി ചെയ്ത് ഒരു വയോധികനെ പരിചരിക്കുകയായിരുന്ന ഇവരപൊലീസ് കണ്ടെത്തിയത്.

സ്ത്രീയെ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പതിമൂന്ന് വർഷത്തിനുശേഷം മക്കളുമായി വീണ്ടും കണ്ടുമുട്ടിയത്. അമ്മയ്‌ക്കെതിരായ കേസ് മുന്നോട്ടുകൊണ്ടുപോകാൻ താൽപര്യമില്ലെന്ന് മകൻ കോടതിയെ അറിയിച്ചു. അന്ന് പിതാവിന്റെ നിർബന്ധത്തെത്തുടർന്നാണ് അമ്മയ്‌ക്കെതിരെ മൊഴി നൽകിയതെന്നും മകൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചു. തുടർന്നാണ് സ്ത്രീക്ക് കോടതി ജാമ്യം അനുവദിച്ചത്.ജാമ്യം ലഭിച്ചതിനുശേഷം രണ്ട് ദിവസത്തോളം മക്കൾക്കൊപ്പം ചെലവഴിച്ച സ്ത്രീ പിന്നീട് തിരുവല്ലയിലേക്ക് മടങ്ങി. താൻ പരിചരിക്കുന്ന വയോധികന്റെ കാര്യത്തിൽ പകരം ആളെ ഏർപ്പെടുത്തിയശേഷം മക്കൾക്കൊപ്പം സ്ഥിരമായി താമസിക്കാൻ മടങ്ങിയെത്തുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. മക്കൾ ഇരുവരും വിവാഹിതരാണ്. അമ്മ തിരികെയെത്തണമെന്നാണ് ഇരുവരുടെയും ആഗ്രഹമെന്നും പൊലീസ് അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *