‘ഒക്ടോബർ 10 ന് ബോണ്ട് നൽകി, 11ന് ലംഘിച്ചു’: സിജെപി നേതാക്കൾക്കെതിരെ ഡൽഹി ഹൈക്കോടതി

ഡൽഹി: സമാധാനം പാലിക്കാമെന്ന വ്യവസ്ഥയിൽ ബോണ്ട് നൽകിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ അത് ലംഘിച്ചുവെന്ന ആരോപണം നേരിടുന്ന സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുടെ ഹർജികളെ ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതി. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (എസ്ഇഎം) തങ്ങളുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയ ഒക്ടോബർ 19 ലെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഇരുവരും ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിച്ചത്.ഒക്ടോബർ 10 ന് ഒപ്പിട്ടുനൽകിയ സമാധാന ബോണ്ട് ഒക്ടോബർ 11 ന് തന്നെ ലംഘിക്കപ്പെട്ടുവെന്ന് ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് നിരീക്ഷിച്ചു. തീരുമാനങ്ങൾ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന തരത്തിൽ അസ്വാഭാവികമല്ലെങ്കിൽ, തീരുമാനങ്ങളെയല്ല മറിച്ച് തീരുമാനമെടുക്കൽ പ്രക്രിയയെയാണ് ഹൈക്കോടതി പരിശോധിക്കാറുള്ളതെന്ന് കോടതി വ്യക്തമാക്കി. ജന്തർ മന്തറിൽ അതിക്രമിച്ചുകയറി പതാക വീശി ഇരുവരും വീണ്ടും വ്യവസ്ഥകൾ ലംഘിച്ച സാഹചര്യത്തിൽ, അധികൃതർ കർശന തെളിവുകൾ ആവശ്യപ്പെടുന്നത് സ്വാഭാവികമല്ലേ എന്നും കോടതി ചോദിച്ചു.മാത്രമല്ല, മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ അപ്പീൽ കോടതിയെ സമീപിക്കാൻ അവസരമുണ്ടെന്നിരിക്കെ ഹൈക്കോടതിയെ സമീപിച്ചതിനെയും കോടതി ചോദ്യം ചെയ്തു. ഇതോടെ ഹർജി പിൻവലിക്കാൻ ഇരുവർക്കും കോടതി അനുമതി നൽകി.സുരക്ഷാ വീഴ്ച വരുത്തി ജന്തർ മന്തിറിലേക്ക് അതിക്രമിച്ചുകയറിയെന്നാരോപിച്ച് ഒക്ടോബർ 14 നാണ് രങ്കയെയും ദാസിനെയും അറസ്റ്റ് ചെയ്തത്. ഇവരുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടിയ ഡൽഹി പൊലീസ് എസിപി റാങ്കിലുള്ള സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് റിതു രാജ്, ഇരുവരുടെയും പെരുമാറ്റം വിശ്വാസ്യത നൽകുന്നതല്ലെന്നും അവർക്ക് നിയമത്തോട് യാതൊരു ബഹുമാനവുമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ എസ്ഇഎം കോടതികളെ പോലീസ് കോടതി എന്നാണ് ദാസ് വിശേഷിപ്പിച്ചത്.തങ്ങൾ ഹാജരാക്കിയ ജാമ്യക്കാരെ തള്ളിയ എസ്ഇഎം നടപടിയെയാണ് ഇവർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. ജാമ്യം നിന്ന ഒരാളുടെ ഫോട്ടോ ആധാർ കാർഡുമായി പൊരുത്തപ്പെടുന്നില്ലെന്നും മറ്റൊരാളുടെ മാതാപിതാക്കളുടെ വിവരങ്ങൾ ലഭ്യമല്ലെന്നുമായിരുന്നു അധികൃതരുടെ കണ്ടെത്തൽ. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം

Leave a Reply

Your email address will not be published. Required fields are marked *