‘പ്രതിഷേധം മൗലികാവകാശം, എന്നാൽ പ്രതിഷേധക്കാരുടെ പശ്ചാത്തലം പരിശോധിക്കപ്പെടണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ:സമാധാനപരമായി പ്രതിഷേധം നടത്തുക മൗലികാവകാശമാണെങ്കിലും പൊലീസ് നടപടികൾ നിയന്ത്രിച്ചുകൊണ്ട് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് മുൻപ് പ്രതിഷേധക്കാരുടെ പശ്ചാത്തലവും അതുമൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിഗണിക്കണമെന്ന് ബോംബെ ഹൈക്കോടതി. ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചീഫ് ഇലക്ഷൻ കമ്മീഷണർക്ക്’ (CEC) എതിരായ പ്രതിഷേധങ്ങൾക്കിടെ പൊലീസ് ആളുകളെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു എന്നാരോപിച്ച് സമർപ്പിച്ച ഹർജികളിൽ മറുപടി നൽകണമെന്ന് കോടതി മഹാരാഷ്ട്ര സർക്കാരിനോട് നിർദ്ദേശിച്ചു. ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമാധാനപരമായ പ്രകടനങ്ങളിൽ പങ്കെടുത്തവരെ പൊലീസ് മർദ്ദിക്കുകയും തടഞ്ഞുവെക്കുകയും ചെയ്‌തു എന്നാരോപിച്ച് അഭിഭാഷകൻ സാവർ ദേവ്രെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതി വാദം കേട്ടത്.

ഇത്തരം സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന ആരെയും തടഞ്ഞുവെക്കരുതെന്ന് പൊലീസിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ആഴ്‌ച സമാധാനപരമായ മാർച്ചിൽ പങ്കെടുത്തതിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്ത നാല് വ്യക്തികൾക്ക് വേണ്ടി അഭിഭാഷക ഗായത്രി സിങ് ഇന്ന് ഒരു അപേക്ഷ സമർപ്പിച്ചു.ഈ നാല് പേരെയും മുഴുവൻ ദിവസവും തടഞ്ഞുവെച്ച ശേഷം വീട്ടിലേക്ക് പോകാൻ അനുവദിക്കുകയും പിന്നീട് വീട്ടുതടങ്കലിൽ പാർപ്പിച്ചുവെന്ന് ഗായത്രി സിങ് ആരോപിച്ചു. ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മിഹിർ ദേശായി, വീടുകളിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മറ്റ് രണ്ട് പേരുടെ സത്യവാങ്മൂലങ്ങൾ കോടതിയിൽ സമർപ്പിച്ചു. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും പ്രതിഷേധക്കാരുടെ പശ്ചാത്തലം കൂടി പരിശോധിക്കപ്പെടണമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാൽ അത് സമാധാനപരമായ പ്രതിഷേധമായിരിക്കണം. മഹാരാഷ്ട്രയിൽ പൊലീസ് വലിയ സംയമനം പാലിക്കുന്നത് നാം കണ്ടതാണ്” കോടതി വ്യക്തമാക്കി. അതേസമയം, ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. “അവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടാകാൻ പാടില്ല. നിരപരാധികളായ സാധാരണക്കാരുടെ മറവിൽ കുറ്റവാളികൾ ഇതിൽ പങ്കെടുക്കാൻ പാടില്ല” കോടതി കൂട്ടിച്ചേർത്തു.ഇതിനിടെ, കഴിഞ്ഞ ആഴ്‌ച പ്രതിഷേധങ്ങൾ നടന്ന മധ്യ മുംബൈയിലെ ശിവാജി പാർക്കിനടുത്ത പ്രദേശവാസികൾക്ക് വേണ്ടി ഹാജരായ രണ്ട് അഭിഭാഷകർ കോടതിയിൽ അപേക്ഷകൾ സമർപ്പിച്ചു. അവിടെ ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നതിന് ഹൈക്കോടതിയുടെ വിലക്കുണ്ടെന്ന് അവർ അവകാശപ്പെട്ടു. ഈ പരാതികളിലും ഹർജിക്കാരും സർക്കാരും മറുപടി നൽകേണ്ടതുണ്ടെന്ന് കോടതി അറിയിച്ചു. ഈ വിഷയം കൂടുതൽ വാദം കേൾക്കുന്നതിനായി നവംബർ 19ലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *