കോവളത്ത് പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ സ്പായിലെത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തില് രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.ആന്ധ്രപ്രദേശ് സ്വദേശിനിയായ 16 വയസുകാരിയെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് സ്പായില് എത്തിച്ചതായാണ് അന്വേഷണത്തില് കണ്ടെത്തിയത്. പൂവാർ, ആലപ്പുഴ സ്വദേശികളായ പ്രതികളെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു.പെണ്കുട്ടിയുടെ മാതാപിതാക്കള് മരിച്ചതിനെത്തുടർന്ന് സംരക്ഷണച്ചുമതല മാതൃസഹോദരിക്കും ഭർത്താവിനുമായിരുന്നു. കഴിഞ്ഞ ജൂലൈയില് ഇവർ കുട്ടിയെ കോവളത്ത് എത്തിച്ചതായാണ് വിവരം. തുടർന്ന് വിവിധ സ്പാകളില് പെണ്കുട്ടി ജോലി ചെയ്തിരുന്നു. കോവളത്തെ ഒരു സ്പായിലെ യുവാവുമായി അടുപ്പത്തിലായ പെണ്കുട്ടി അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് വിവിധ സ്പാകളില് പരിശോധന നടത്തി അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.പെണ്കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 20 വയസുണ്ടെന്ന് രേഖപ്പെടുത്തിയ ആധാർ കാർഡ് കുട്ടിയുടെ കൈവശമുണ്ടായിരുന്നെങ്കിലും ഇത് വ്യാജമാണെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. പെണ്കുട്ടിയെ സ്പായില് എത്തിച്ച ബന്ധുക്കള് ആന്ധ്രപ്രദേശിലേക്ക് മടങ്ങിയതായാണ് വിവരം. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോവളം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.
കോവളത്തെ സ്പായില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിക്ക് ക്രൂരപീഡനം; പിന്നില് മാതൃസഹോദരിയും ഭര്ത്താവും, രണ്ട് പേര് അറസ്റ്റില്
