മാസപ്പടിക്കേസില് പ്രതിപക്ഷനേതാവ് പിണറായി വിജയന് ഹൈക്കോടതിയില് കനത്ത തിരിച്ചടി. കേസില് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള് ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു.സിംഗിള് ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് പരിഗണിച്ചില്ല. ഇതോടെ കേസില് വിജിലൻസിന് അന്വേഷണവും മൊഴിയെടുപ്പുമായി മുന്നോട്ടുപോകാം.സിംഗിള് ബെഞ്ച് വിധിയില് തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി സമർപ്പിച്ച ഹരജി കോടതി ഒറ്റവരിയിലാണ് തള്ളിയത്. തന്റെ വാദം കൂടി കേള്ക്കണമെന്ന പിണറായി വിജയന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിക്കാൻ തയ്യാറായില്ല.
പിണറായിക്ക് തിരിച്ചടി; മാസപ്പടി കേസില് സിംഗിള് ബെഞ്ച് ഉത്തരവിന് എതിരായ ഹർജി തള്ളി
മൂന്നാം കക്ഷിയായ കെ.എം ഷാജഹാന് ഇത്തരമൊരു ഹർജി നല്കാൻ നിയമപരമായ അധികാരമില്ലെന്നും, പൊതുതാല്പ്പര്യ ഹർജിയുടെ സ്വഭാവമുള്ള വിഷയം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കേണ്ടിയിരുന്നതെന്നും പിണറായിയുടെ അഭിഭാഷകർ വാദിച്ചിരുന്നു. ഇതിനുപുറമെ, സുപ്രിംകോടതി ഉത്തരവുകളെ തെറ്റായി വ്യാഖ്യാനിച്ചാണ് പേരെടുത്ത് പറഞ്ഞ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഈ വാദങ്ങളെല്ലാം തള്ളി.ഡിവിഷൻ ബെഞ്ചില്നിന്നും തിരിച്ചടി നേരിട്ടതോടെ, ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കുകയോ നിലവിലെ എഫ്ഐആർ റദ്ദാക്കാൻ ക്വാഷ് ഹർജി നല്കുകയോ ചെയ്യാനുള്ള നിയമവഴികളാണ് ഇനി മുഖ്യമന്ത്രിക്ക് മുന്നിലുള്ളത്. സുപ്രിംകോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് പിണറായി നിയമോപദേശം തേടിയതായാണ് വിവരം.
