സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ എക്സ് (X) പോസ്റ്റില് കോണ്ഗ്രസിന്റെ കേരള ഘടകത്തിനെതിരെ ക്രിമിനല് കോടതിയലക്ഷ്യ ഹർജി നല്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ തീരുമാനിച്ചു.നടപടികളുമായി മുന്നോട്ടുപോകുന്നതിനായി അറ്റോർണി ജനറല് ആർ. വെങ്കിട്ടരമണിയുടെ അനുമതി തേടി അസോസിയേഷൻ കത്തയക്കും.അറ്റോർണി ജനറലിന്റെ അനുമതി ലഭിക്കുന്നതോടെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഉള്പ്പെടെയുള്ള മുതിർന്ന നേതാക്കള്ക്കെതിരെ സുപ്രീം കോടതിയില് നേരിട്ട് കോടതിയലക്ഷ്യ കേസ് ആരംഭിക്കും. ചീഫ് ജസ്റ്റിസിനെ സമൂഹമാധ്യമത്തിലൂടെ പരസ്യമായി അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്ത പോസ്റ്റ് രാജ്യത്തെ പരമോന്നത നീതിപീഠത്തെ അവമതിക്കുന്നതാണെന്ന് ബാർ അസോസിയേഷൻ ചൂണ്ടിക്കാട്ടി.‘പറ്റിയില്ലെങ്കില് രാജിവെച്ചു പോകൂ’ എന്ന തരത്തിലുള്ള ഗുരുതര പരാമർശങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് കെ.പി.സി.സി കൈയബദ്ധം എന്ന് വിശദീകരിക്കാൻ ശ്രമിക്കുകയും, കോണ്ഗ്രസ് ദേശീയ നേതൃത്വം തള്ളിപ്പറയുകയും ചെയ്തെങ്കിലും കർശന നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ബാർ അസോസിയേഷന്റെ തീരുമാനം.
ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്: കെ.പി.സി.സി നേതാക്കള്ക്കെതിരെ കോടതിയലക്ഷ്യ ഹര്ജി നല്കാൻ ബാര് അസോസിയേഷൻ
