നിയമത്തിന്റെ ആനുകൂല്യം പൗരന് നിഷേധിച്ച റവന്യൂ ഉദ്യോഗസ്ഥർക്ക് പിഴയിട്ട് ഹൈക്കോടതി

കോഴിക്കോട്: നിയമത്തിന്റെ ആനുകൂല്യം പൗരന് നിഷേധിച്ച റവന്യൂ ഉദ്യോഗസ്ഥർക്ക് പിഴ വിധിച്ച് ഹൈക്കോടതി. പൗരൻമാരെ സേവിക്കാൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥർ അവരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന്  ഡോ. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ വിധിച്ചു. ലോകായുക്ത വിധിയെ ചോദ്യം ചെയ്ത് തിരുവനന്തപുരം ആർ.ഡി.ഒ, ലാന്റ് റിക്കാർഡ്‌സ് തഹസിൽദാർ, വഞ്ചിയൂർ വില്ലേജ് ഓഫിസർ എന്നിവർ സമർപിച്ച ഹരജി തള്ളിയാണ് പിഴ  വിധിച്ചത്. മൂന്നു പേർക്ക് കൂടി 30000 രൂപയാണ് പിഴയിട്ടത്.തിരുവനന്തപുരം നന്ദാവനം റോഡ് സഫീലയിൽ എ.മൈതീൻപിള്ളയുടെ വഞ്ചിയൂർ വില്ലേജിലെ 4.15 സെന്റ്  ഭൂമിയുടെ കരം സ്വീകരിക്കുന്നതാണ് വിഷയം. 2018വരെ കരം സ്വീകരിച്ചിരുന്ന ഭൂമി റീസർവെയിൽ 3.53 സെന്റേ ഉള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് വഞ്ചിയൂർ വില്ലേജ് ഓഫിസർ കരം സ്വീകരിക്കാതിരുന്നത്. മൈതീൻപിള്ളയുടെ പരാതിയിൽ 4.15 സെന്റിന് തന്നെ കരം സ്വീകരിക്കണമെന്ന് ലോകായുക്ത വിധിച്ചു. ഇത്തരം സാഹചര്യത്തിൽ പൗരന്റെ അപേക്ഷ പ്രകാരമുള്ള ഭൂമിക്ക് കരം സ്വീകരിക്കണമെന്ന് 2022 ഏപ്രിൽ 21ലെ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ലോകായുക്തയുടെ വിധി. ഇത് അംഗീകരിക്കാതെയാണ് റവന്യൂ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചത്.ഒരു പൗരനെ സർക്കാർ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിൽ നിന്ന് തടയാനാണ് ഹരജിക്കാർ ശ്രമിച്ചത്. ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ഹരജിക്കാർ സംയുക്തമായി 30,000 രൂപ ചെലവ് ഇനത്തിൽ മൈതീൻപിള്ളക്ക് നൽകണമെന്ന് കോടതി വിധിച്ചു. തുക രണ്ടാഴ്ചയ്ക്കുള്ളിൽ നൽകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *