‘ജനങ്ങളുടെ ജീവിതം വെച്ച്‌ കളിക്കുന്നു’; ബിലാസ്പൂര്‍ എഫ്‌ആര്‍ഒയുടെ പൗരത്വ നടപടിക്കെതിരെ കൊല്‍ക്കത്ത ഹൈക്കോടതി

എസ്‌ഐആർ അപ്പീല്‍ ട്രൈബ്യൂണലിന്‍റെ പരിഗണനയിലിരിക്കെ പൗരത്വ നടപടിയിലേക്ക് കടന്ന ബിലാസ്പൂർ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസര്‍ക്കെതിരെ(FRO) രൂക്ഷവിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതി.മുർഷിദാബാദില്‍ നിന്നുള്ള നാല് തൊഴിലാളികളുടെ പൗരത്വം നിർണയിക്കാൻ നടപടി സ്വീകരിച്ച എഫ്‌ആര്‍ഒയുടെ അധികാരത്തെയാണ് കോടതി ചോദ്യം ചെയ്തത്.മുർഷിദാബാദിലെ സംസർഗഞ്ച് സ്വദേശിയായ മൊസ്താകിം ഷെയ്ഖ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കൃഷ്ണ റാവു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് സംശയിച്ച്‌ നാലുപേരെയും ബിലാസ്പൂരില്‍ ഒരു മാസത്തിലേറെയായി തടങ്കലില്‍ വച്ചിരിക്കുകയാണ്.സുപ്രിം കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച ട്രൈബ്യൂണലില്‍, വോട്ടർ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തതിനെ ചോദ്യം ചെയ്തുള്ള ഇവരുടെ അപ്പീല്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഹരജിക്കാരൻ കോടതിയെ അറിയിച്ചു.

അപ്പീല്‍ നിലനില്‍ക്കെ എഫ്‌ആര്‍ഒക്ക് എങ്ങനെയാണ് സമാന്തരമായി ഈ വ്യക്തികളുടെ പൗരത്വം തീരുമാനിക്കാൻ സാധിക്കുകയെന്ന് ജസ്റ്റിസ് റാവു ചോദിച്ചു. ”നിങ്ങളുടെ അധികൃതരുടെ ചുമതല എന്താണ്? ട്രൈബ്യൂണലിന്റെ ചുമതല എന്താണ്? നിങ്ങളുടെ അധികൃതർ ഇതേ സമയം തന്നെ പൗരത്വം നിർണയിക്കുകയാണെങ്കില്‍, ഈ വിഷയം സുപ്രിംകോടതിക്ക് വിട്ടുകൊണ്ട് ഞാൻ ഉത്തരവിറക്കാം. അധികാരികള്‍ തന്നെയാണ് മുഴുവൻ പൗരത്വവും തീരുമാനിക്കുന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?” എന്ന് കോടതി ചോദിച്ചു. ഇത് പരസ്പര വിരുദ്ധമാണെന്ന് വിശേഷിപ്പിച്ച കോടതി, അധികൃതർ തന്നെ പൗരത്വത്തില്‍ സമാന്തരമായി തീരുമാനമെടുക്കുകയാണെങ്കില്‍ നിലവിലുള്ള അപ്പീലിന് എന്താണ് പ്രസക്തിയെന്നും ആരാഞ്ഞു.അധികൃതര്‍ ഹരജിക്കാരൻ ഇന്ത്യക്കാരനല്ലെന്ന് പറയുകയാണെങ്കില്‍ അപ്പീല്‍ അതോറിറ്റി എന്ത് ചെയ്യുമെന്നും ജനങ്ങളുടെ ജീവിതം വെച്ച്‌ കളിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. അപ്പീല്‍ പരിഗണനയിലിരിക്കെ തടങ്കലില്‍ കഴിയുന്നവരുടെ പൗരത്വം നിർണയിക്കാൻ എഫ്‌ആര്‍ഒയ്ക്ക് എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു.നാല് പേരെയും തടഞ്ഞുവെച്ചിരിക്കുന്നത് എഫ്‌ആര്‍ഒ ആണെന്ന് ഹൈക്കോടതിയെ അറിയിച്ചെങ്കിലും, കേസ് നടപടികളില്‍ എഫ്‌ആര്‍ഒ യെ ഒരു കക്ഷിയായി ഉള്‍പ്പെടുത്തിയിരുന്നില്ല. തുടർന്ന്,എഫ്‌ആര്‍ഒയെ കൂടി കേസില്‍ കക്ഷിയാക്കാൻ ഹരജിക്കാരന്റെ അഭിഭാഷകനോട് നിർദേശിച്ച കോടതി, തടങ്കലില്‍ വെച്ചതുമായി ബന്ധപ്പെട്ട് ഓഫീസില്‍ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തു. കേസ് ഒക്ടോബർ 8-ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *