തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ നാല് ബിജെപി പ്രവർത്തകർ പൊലീസ് പിടിയിലായി.ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശ്രീലാല്‍, അജി, സ്റ്റെഫിൻ എന്നിവരാണ് അറസ്റ്റിലായത്.തെങ്കാശിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ഇന്നലെ രാത്രിയിലാണ് പൊലീസ് കണ്ടെത്തിയത്. കമ്മിഷണറുടെ പ്രത്യേക അന്വേഷണ സംഘവും മ്യൂസിയം പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. നിലവില്‍ നാലുപേരെയും മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഡിസിസി ഓഫീസിന് നേരെ ആക്രമണമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. കരിങ്കൊടി പ്രതിഷേധത്തെ തുടർന്നുണ്ടായ കോണ്‍ഗ്രസ്-ബിജെപി സംഘർഷത്തിനിടെയാണ് തിരുവനന്തപുരം ഡിസിസി ഓഫീസിനും ആനാവൂരിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനും നേരെ ആക്രമണം നടന്നത്.സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസിസി ഓഫീസിന് നേരെ കല്ലെറിയുകയും ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിടുകയും ചെയ്ത സംഭവം ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കാനാകില്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകള്‍ ആക്രമിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം രാഷ്ട്രീയ അക്രമങ്ങളോട് കേരളത്തിലെ പൊതുസമൂഹം യോജിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
