പാർട്ടി ചിഹ്നവും പേരും ആവശ്യപ്പെട്ട് മമത: ഹർജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ (ടി.എം.സി) ഔദ്യോഗിക പാർട്ടി ചിഹ്നം മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹരജി ഈ ആഴ്ച തന്നെ ലിസ്റ്റ് ചെയ്യാൻ ശ്രമിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി അടിയന്തിരമായി പരിഗണിക്കാമെന്ന് സമ്മതിച്ചത്.മമത ബാനർജിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വിഷയം കോടതിക്ക് മുന്നിൽ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് ചിഹ്ന ഉത്തരവ് പ്രകാരമുള്ള അന്തിമ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ പാർട്ടി ചിഹ്നം ഇടക്കാല ഉത്തരവിലൂടെ മരവിപ്പിച്ചത് അനാവശ്യവും നിർഭാഗ്യകരവുമാണെന്ന് കപിൽ സിബൽ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓരോ തവണയും പുതിയ അതിരുകൾ ലംഘിച്ചുകൊണ്ടിരിക്കുകയാണെന്ന് സിബൽ കോടതിയിൽ വ്യക്തമാക്കി. കേസിൽ ഇരുപക്ഷത്തിനും വാദങ്ങൾ ഉന്നയിക്കാനുണ്ടാകുമെന്നും എല്ലാ കക്ഷികളുടെയും വാദം കേൾക്കാമെന്നും അറിയിച്ച ചീഫ് ജസ്റ്റിസ്, കേസ് ഈ ആഴ്ച തന്നെ പരിഗണിക്കാൻ ശ്രമിക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു.സെപ്റ്റംബർ 17-നാണ് തൃണമൂൽ കോൺഗ്രസിലെ മമത ബാനർജി, ഋതബ്രത ബാനർജി എന്നീ ഇരുവിഭാഗങ്ങൾക്കും പുതിയ പേരുകളും ചിഹ്നങ്ങളും നൽകിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് മമത സുപ്രീം കോടതിയെ സമീപിച്ചത്. മമത വിഭാഗത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘ഫുട്ബോൾ പ്ലേയർ’ ചിഹ്നമായി നൽകിയപ്പോൾ, ഋതബ്രത വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘എൻവെലപ്’ ചിഹ്നവുമാണ് അനുവദിച്ചത്.പാർട്ടിയുടെ സംഘടനാ സംവിധാനവും ഘടനയും പൂർണമായി പരിശോധിക്കാതെയാണ് കമ്മീഷൻ തീരുമാനമെടുത്തതെന്ന് മമത ഹരജിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ, വിമത നിരോധന നിയമം പ്രകാരം നിയമസഭയിൽ സ്പീക്കർക്ക് മുന്നിൽ അയോഗ്യത ഭീഷണി നേരിടുന്ന വിമത എം.എൽ.എമാരുടെ മൊഴികളെ മാത്രം അടിസ്ഥാനമാക്കിയാണ് കമ്മീഷൻ നടപടിയെടുത്തതെന്നും ഹരജിയിൽ കുറ്റപ്പെടുത്തുന്നു. ഈ 10 വിമത എം.എൽ.എമാർക്കെതിരെയുള്ള അയോഗ്യതാ ഹരജികളിൽ തീരുമാനമെടുക്കാൻ പശ്ചിമ ബംഗാൾ സ്പീക്കർ വൈകിക്കുന്നതിനെതിരെയും മമത ബാനർജി വിഭാഗം സുപ്രീം കോടതിയിൽ പ്രത്യേക ഹരജി നൽകിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *