സനൽകുമാർ ശശിധരനെതിരെ മഞ്ജു വാര്യർ, കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും സനൽകുമാർ ശശിധരൻ നിരന്തരം തന്നെ അപമാനിക്കുകയാണെന്ന് മഞ്ജു വാര്യർ തന്റെ ഹർജിയിൽ പറയുന്നു. ഇതിന്റെ ഭാഗമായി നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുവെന്നും ഹർജിയിൽ അവർ വ്യക്തമാക്കിമഞ്ജു വാര്യർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടേറിയറ്റിനുമുന്നിൽ നിരാഹാരമിരിക്കുകയാണ് സനൽകുമാർ ശശിധരൻ. ഇതിനെത്തുടർന്നാണ് മഞ്ജു വാര്യർ കേസുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. സനൽകുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് മഞ്ജു വാര്യർ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കെതിരെയുള്ള സനൽകുമാറിന്റെ സമൂഹികമാധ്യമ പോസ്റ്റുകൾ നീക്കണമെന്നുള്ള ആവശ്യങ്ങളടക്കം ഉൾപ്പെടുത്തിക്കൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്.തന്നെക്കുറിച്ച് കുറേ നാളുകളായി സനൽകുമാർ ശശിധരൻ നടത്തുന്ന പ്രതികരണങ്ങൾ വളരെ വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മഞ്ജു വാര്യർ ചൂണ്ടിക്കാട്ടുന്നു.സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ ആറ് ദിവസമായി നിരാഹാര സത്യാഗ്രഹം നടത്തുകയാണ് സനൽകുമാർ ശശിധരൻ. മഞ്ജു വാര്യർ തടവിലാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഈ സമരം. താൻ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ സർക്കാരോ നിയമ സംവിധാനങ്ങളോ നടപടി എടുക്കാത്തതിനാലാണ് സത്യാഗ്രഹമെന്ന് സംവിധായകൻ നേരത്തേ പ്രതികരിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ അരികിൽ വെച്ചാണ് നിരാഹാരം. ഇതിന് പിന്നാലെയാണ് നടി മഞ്ജു വാര്യർ പരാതിയുമായി കോടതിയെ സമീപിച്ചത്. രണ്ടുദിവസങ്ങൾക്കുമുൻപ് ഈ സമരത്തെ പരിഹസിച്ചുകൊണ്ട് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ രംഗത്തെത്തിയിരുന്നു. തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടിയെന്നും മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടിയെന്നും ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കുമെന്നും മധു ഫെയ്‌സ്ബുക്കിൽ കുറിച്ചു. കുടുംബസമേതം മഞ്ജുവിനൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു മധുവിന്റെ പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *