ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാര്‍ക്കെല്ലാം തുല്യ പെന്‍ഷന്‍ നല്‍കണം; സുപ്രീം കോടതി

ന്യൂഡല്‍ഹി : ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാര്‍ക്കെല്ലാം തുല്യ പെന്‍ഷന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ച്‌ സുപ്രീം കോടതി.അഡീഷണല്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെ എല്ലാ ഹൈക്കോടതി ജഡ്ജിമാര്‍ക്കും പൂര്‍ണ പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളും ലഭ്യമാക്കണം. വിരമിച്ച ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്ക് 15 ലക്ഷവും ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 13.5 ലക്ഷവും രൂപ വാര്‍ഷിക പെന്‍ഷന്‍ നല്‍കണമെന്നും പരമോന്നത കോടതി നിര്‍ദേശിച്ചു.ഇത് നിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് എന്നിവരടങ്ങിയ ബഞ്ചാണ് ശമ്ബളത്തിലെന്ന പോലെ പെന്‍ഷനിലും തുല്യത പ്രധാനമാണെന്ന് വ്യക്തമാക്കിയത്.ജഡ്ജിമാരുടെ നിയമന സമയത്തിന്റെയോ പദവിയുടെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ബഞ്ച് പറഞ്ഞു. ജുഡീഷ്യറിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിന് വിരമിക്കലിനു ശേഷമുള്ള ഏകീകൃത ആനുകൂല്യങ്ങളുടെ നടപ്പിലാക്കല്‍ ആവശ്യമാണ്.ഒരു റാങ്ക്, ഒരു പെന്‍ഷന്‍ എന്ന തത്വം ജുഡീഷ്യറിക്കും ബാധകമാക്കണം. ബാറില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ജഡ്ജിമാര്‍ക്കും ജില്ലാ ജുഡീഷ്യറിയില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ജഡ്ജിമാര്‍ക്കും ഇടയില്‍ ഒരു വ്യത്യാസവും ഉണ്ടാകരുത്. അഡീഷണല്‍ ജഡ്ജിമാര്‍ക്കും സ്ഥിരം ജഡ്ജിമാര്‍ക്കും ഒരേ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *